വിജയ് ചിത്രം ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കി

വിജയ് – ലോകേഷ് കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രമാണ് ലിയോ.ലിയോ ഒരു വമ്പന്‍ ചിത്രമായിട്ട് തന്നെയാണ് എത്തുന്നതും. ഇപ്പോള്‍ ആരാധകരെ നിരാശരാക്കുന്ന ഒരു വാര്‍ത്തയാണ് ലിയോയുടേതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.സെപ്റ്റംബര്‍ 30 ന് നിശ്ചയിച്ചിരുന്ന ലിയോയുടെ ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു.ഇക്കാര്യം നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

സുരക്ഷാ കാരണങ്ങളാണ് റദ്ദാക്കല്‍. ഓഡിയോ ലോഞ്ചിനായുള്ള പാസ്സിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. സുരക്ഷാപ്രശ്‌നങ്ങളുണ്ടാകുന്നതിനാല്‍ ഓഡിയോ ലോഞ്ച് റദ്ദ് ചെയ്തിരിക്കുകയാണ്. ഓഡിയോ ലോഞ്ച് ഒഴിവാക്കിയതിനു പിന്നില്‍ മറ്റൊരു കാരണവുമില്ലെന്നും പ്രൊഡക്ഷന്‍ കമ്പനി സെവന്‍സ്‌ക്രീന്‍ സ്റ്റുഡിയോസ് അറിയിച്ചു. എക്സ് കുറിപ്പിലൂടെയാണ് പ്രതികരണം. പാസിന്റെ എണ്ണം പരിധിയില്‍ കവിഞ്ഞതും സുരാക്ഷാ പരിമിതികളും കണക്കിലെടുത്താണ് ഓഡിയോ ലോഞ്ച് ഒഴിവാക്കിയതെന്നും സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ വിശദീകരിക്കുന്നു.

സമീപകാലത്തായി വിജയ് നായകനായി എത്തുന്ന ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് വലിയ ചര്‍ച്ചയാകാറുണ്ട്. വിജയ് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താറുള്ള ഇത്തരം ചടങ്ങുകളിലാണ് എന്നതാണ് പ്രധാനം. ആരാധകരോട് വിജയ് നിലപാട് വ്യക്തമാക്കുന്നത് സിനിമയുടെ ഓഡിയോ ലോഞ്ചിനാണ്. വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നുണ്ടെന്നും വാര്‍ത്തകളുള്ളതിനാല്‍ നടന്റെ പ്രസ്താവനകള്‍ സാമൂഹ്യമേഖലയില്‍ വലിയ പ്രാധാന്യം ലഭിക്കാറുമുണ്ട് എന്നതിനാല്‍ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന്റെ കാരണം എന്തെന്ന് തിരക്കുകയാണ് ആരാധകര്‍.

സെപ്റ്റംബര്‍ 30 ന് ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി തീരുമാനിച്ചിരുന്നത്. നിര്‍മാതാക്കളില്‍ ഒരാളായ ജഗദീഷ് പളനിസാമിയും ലോഞ്ച് റദ്ദാക്കിയതിനെകുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. ”ഇത് വളരെ കഠിനമായ തീരുമാനമാണ്, ഓരോ ആരാധകന്റെയും പോലെ അതേ നിരാശയാണ് ഞങ്ങള്‍ക്കും അനുഭവപ്പെടുന്നത്. മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടും ടിക്കറ്റിനായുള്ള തിരക്ക് കണക്കിലെടുത്ത് ഞങ്ങള്‍ക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു” അദ്ദേഹം വ്യക്തമാക്കി.ഒക്ടോബര്‍ 19 ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്യും. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

Top