ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരക്കെതിരെ കേരളത്തിന് വമ്പന്‍ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 47.1 ഓവറില്‍ 231 റണ്‍സെടുത്തപ്പോള്‍ ത്രിപുരയുടെ മറുപടി 27.1 ഓവറില്‍ 112 റണ്‍സില്‍ അവസാനിച്ചു. 46 റണ്‍സെടുത്ത രജത് ദേയാണ് ത്രിപുരയുടെ ടോപ് സ്‌കോറര്‍. മൂന്ന് പേര്‍ മാത്രമാണ് ത്രിപുര ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അഖിന്‍ സത്താറും അഖില്‍ സ്‌കറിയുമാണ് ത്രിപുരയെ എറിഞ്ഞിട്ടത്.
232 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ത്രിപുരക്ക് തുടക്കത്തിലെ അടിതെറ്റി. സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സെത്തിയപ്പോഴെ ഓപ്പണര്‍ ബിക്രം കുമാര്‍ ദാസിനെ ത്രിപുരക്ക് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായ ത്രിപുര 50-5ലേക്കും 92-9ലേക്കും കൂപ്പുകുത്തി. കേരളത്തിനായി അഖില്‍ സ്‌കറിയ 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അഖിന്‍ സത്താര്‍ 27 രണ്‍സിന് മൂന്നും വൈശാഖ് ചന്ദ്രന്‍ 14 റണ്‍സിന് രണ്ടും വിക്കറ്റും വീഴ്ത്തി. നാലു കളികളില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ത്രിപുരയെ മറികടന്ന് കേരളം രണ്ടാം സ്ഥാനത്തേക്ക് കയറി. മുംബൈയാണ് ഗ്രൂപ്പില്‍ ഒന്നാമത്.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീനും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 20 ഓവറില്‍ 95 റണ്‍സടിച്ചു. 44 റണ്‍സെടുത്ത രോഹന്‍ പുറത്തായതിന് പിന്നാലെ സ്‌കോര്‍ 122ല്‍ നില്‍ക്കെ അസ്ഹറുദ്ദീനും(58), ക്യാപ്റ്റന്‍ സഞ്ജു സാംസണും(1), സച്ചിന്‍ ബേബിയും(14), വിഷ്ണു വിനോദും(2) മടങ്ങിയതോടെ 122-1ല്‍ നിന്ന് കേരളം 131-5ലേക്ക് കൂപ്പുകുത്തി.
പിന്നീട് അഖില്‍ സ്‌കറിയയും(22), ശ്രേയസ് ഗോപാലും(41) ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഇരുവരും കേരളത്തെ 191 റണ്‍സിലെത്തിച്ചു. അരുവരും പുറത്തായശേഷം ബേസില്‍ തമ്പിയും(23) അബ്ദുള്‍ ബാസിതും(11) ചേര്‍ന്ന് നടത്തിയ പോരാട്ടം കേരളത്തെ 231ല്‍ എത്തിച്ചു. ത്രിപുരക്കായി ബിബി ദേബ്നാഥും എ കെ സര്‍ക്കാരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.