vijay malia’s mp salary-RT report

ന്യൂഡല്‍ഹി: മദ്യ രാജാവ് വിജയ് മല്യ പാപ്പരാവുന്നതിന് മുമ്പ് രാജ്യസഭാംഗമെന്ന നിലയില്‍ ലഭിച്ചുവന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കൈപ്പറ്റിയിരുന്നുവെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പ്രതിമാസം 50,000 രൂപ ശമ്പള ഇനത്തിലും 20,000 രൂപ മണ്ഡല അലവന്‍സ് ഇനത്തിലുമാണ് മല്യ കൈപ്പറ്റിയതെന്ന് ഉത്തര്‍പ്രദേശിലെ റായ്ബറേലി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ മുഹമ്മദ് ഖാലിദ് ജിലാനി നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായി രാജ്യസഭാ സെക്രട്ടേറിയറ്റ് മറുപടി നല്‍കി. ഇതോടൊപ്പം ടെലഫോണ്‍ ബില്ലും മണ്ഡല അലവന്‍സും കൃത്യമായി മല്യ വാങ്ങിയിരുന്നു.

അതേസമയം, വിമാനയാത്രാ ഇനത്തില്‍ മല്യ സര്‍ക്കാരില്‍ നിന്ന് തുകയൊന്നും വാങ്ങിയിരുന്നില്ല. 2010 ജൂലായ് ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ 45,000 രൂപ മല്യ പോക്കറ്റിലാക്കി. ഈ കാലയളവില്‍ ഓഫീസ് ചെലവ് എന്ന പേരില്‍ പ്രതിമസാം 6000 രൂപയും പിന്നീട് 15,000 രൂപയും വാങ്ങിയിരുന്നു. ഔദ്യോഗിക ഫോണില്‍ നിന്ന് 1.73 ലക്ഷം രൂപയ്ക്കാണ് ഫോണ്‍ വിളിച്ചത്. രാജ്യസഭാ എം.പിക്ക് 50,000 ലോക്കല്‍ കോളുകള്‍ സൗജന്യമാണ്. അതേസമയം, വെള്ളം, വൈദ്യുതി, ചികിത്സാ ഇനത്തില്‍ മല്യ പണമൊന്നും തന്നെ കൈപ്പറ്റിയിട്ടില്ല.

കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗമായി ജനതാദള്‍(എസ്) പിന്തുണയോടെ സ്വതന്ത്രനായി 2002ലാണ് മല്യ ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 2010ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ബി.ജെ.പിയും ജെ.ഡി(എസ്)ഉം മല്യയെ പിന്തുണച്ചു.

ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 9000 കോടി രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനില്‍ താമസിച്ചു വരികയാണ് മല്യ ഇപ്പോള്‍. എന്‍ഫോഴ്‌സ്‌മെന്റും മല്യക്കെതിരെ കേസെടുത്തിട്ടുണ്ട്.

Top