Vijay Mallya Declared Proclaimed Offender In Money Laundering Case

മുംബൈ : ഒന്‍പതിനായിരം കോടി രൂപയുടെ കടം തിരിച്ചടയ്ക്കാതെ മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി മുംബൈ കോടതി പ്രഖ്യാപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കള്ളപ്പണക്കേസ് കൈകാര്യം ചെയ്യുന്ന മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് വിധി. മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു.

ലണ്ടനിലാണ് മല്യ ഇപ്പോള്‍ കഴിയുന്നത്. മല്യയുടെ 1411 കോടിരൂപ വിലവരുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. ഐഡിബിഐ ബാങ്കില്‍ നിന്നെടുത്ത 900 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാത്ത കേസിലാണു നടപടി.

ബാങ്ക് അക്കൗണ്ടിലുള്ള 34 കോടി രൂപ, ബെംഗളൂരുവിലും മുംബൈയിലുമുള്ള ഫ്‌ലാറ്റുകള്‍, ചെന്നൈയിലുള്ള വ്യാവസായിക ആവശ്യത്തിനുള്ള ഭൂമി, കൂര്‍ഗിലെ കാപ്പിത്തോട്ടം, ബെംഗളൂരുവിലുള്ള യുബി സിറ്റി, കിങ് ഫിഷര്‍ ടവര്‍ എന്നിവയാണു കണ്ടുകെട്ടിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി ബാങ്കുകളില്‍ നിന്നെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനു മല്യയ്‌ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നു ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണു വിജയ് മല്യ രാജ്യം വിട്ടത്. രാജ്യസഭാംഗമായിരുന്ന മല്യ തന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണു മുങ്ങിയത്.

Top