വിജയ് മല്ല്യയുമായി ബന്ധപ്പെട്ട കേസിന്റെ വാദം സെപ്തംബര്‍ 3 ന്

മുംബൈ : സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യം വിട്ട വ്യവസായി വിജയ് മല്ല്യയുടെ കേസുകളിലെ വാദം കേള്‍ക്കുന്നത് സെപ്തംബര്‍ മൂന്നിലേക്ക് മാറ്റിയതായി മുംബൈയിലെ പ്രത്യേക കോടതി. മല്ല്യയുടെ കുടുംബക്കാരനുള്‍പ്പെടെ അഞ്ചുപേരാണ് വിജയ് മല്ല്യ ഉള്‍പ്പെട്ട കേസിലെ ഇ.ഡി യുടെ രേഖകള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബാങ്കുകളില്‍ നിന്നു കോടിക്കണക്കിന് രൂപ വായ്പയെടുത്തു മുങ്ങിയ മല്ല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പതിനേഴു ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ഇനത്തില്‍ 9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്നായിരുന്നു കേസ്. 2016 മാര്‍ച്ച് രണ്ടിനാണ് മല്ല്യ ഇന്ത്യ വിട്ടത്.

അനധികൃത പണമിടപാടുകള്‍ നടത്തിയതായി സംശയം ഉണ്ടായതിനെത്തുടര്‍ന്ന് ബ്രിട്ടനിലെ സീരിയസ് ഫ്രോഡ് ഓഫീസ് മല്ല്യക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. കള്ളക്കമ്പനികളുടെ പേരില്‍ ഇന്ത്യയില്‍ നിന്ന് വളഞ്ഞ വഴിയിലൂടെ ബ്രിട്ടനിലേക്കും അവിടെ നിന്ന് സ്വിറ്റ്‌സര്‍ലണ്ടിലേക്കും മറ്റു രാജ്യങ്ങളിലേക്കും കോടികള്‍ കടത്തിയെന്നാണ് മല്ല്യയ്‌ക്കെതിരായ പ്രധാന ആരോപണം.

ഇന്ത്യയില്‍ നിന്ന് തട്ടിച്ചെടുത്ത പണം ബ്രിട്ടനില്‍ ഇയാള്‍ നിക്ഷേപിച്ചുവെന്നും സൂചനയുണ്ട്. മല്ല്യയുടെ സ്വത്തുക്കള്‍, ബ്രിട്ടനിലെ വിവിധ സ്ഥാപനങ്ങളിലുള്ള നിക്ഷേപങ്ങള്‍, ഓഹരികള്‍, അക്കൗണ്ടുകള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളും ഫ്രോഡ് ഓഫീസ് ശേഖരിച്ചിരുന്നു.

Top