vijay mallya – government – mukhtar abbas nagvi

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പിനുശേഷം രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി മുഖ്താര്‍ അബാസ് നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ സമ്പത്തുമായി കടന്നുകളയാന്‍ ആരെയും അനുവദിക്കില്ലെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.

ഇതേസമയം, മല്യ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിപിഎമ്മിന്റെ എം.ബി. രാജേഷ്, ആര്‍ജെഡിയുടെ പപ്പു യാദവ് എന്നിവര്‍ അടിയന്തരപ്രമേയത്തിന് ലോക്‌സഭയില്‍ അനുമതി തേടി. ബിജെപിയുടെ കിറിത് സൊമയ്യയും ശൂന്യവേളയില്‍ വിഷയം ഉന്നയിച്ചു. മല്യ രാജ്യം വിട്ടുപോകാനുള്ള സാഹചര്യം ഒരുക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍, മല്യക്ക് കടം നല്‍കിയത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആരോപിച്ചു. മല്യയുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബാങ്ക് കണ്‍സോര്‍ഷ്യം നടപടികള്‍ തുടങ്ങിയെന്നും ജയ്റ്റ്‌ലി പറഞ്ഞു. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. ഇതേതുടര്‍ന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതിരുന്ന വിജയ് മല്യ രാജ്യംവിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. രാജ്യം വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് കണ്‍സോര്‍ഷ്യം കോടതിയെ സമീപിക്കുന്നതിന് മുന്‍പ് തന്നെ മല്യ ലണ്ടനിലേക്ക് കടന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വീശദീകരണം.

Top