ഇന്ത്യയിലെ സ്വത്തുക്കള്‍ കൈവിട്ടുപോകാന്‍ സാധ്യത ;തിരിച്ചുവരാന്‍ സന്നദ്ധത അറിയിച്ച് വിജയ് മല്ല്യ

vijaymalliya

ന്യൂഡല്‍ഹി : ഇന്ത്യയിലെ സ്വത്തുക്കള്‍ കൈവിട്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ തിരിച്ചു വരാന്‍ സന്നദ്ധത അറിയിച്ച് വിവാദ വ്യവസായി വിജയ് മല്ല്യ. ഇന്ത്യയിലെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ കൈവിട്ടുപോകാനുള്ള സാധ്യത തെളിഞ്ഞതോടെയാണ് ബ്രിട്ടനില്‍നിന്നു തിരിച്ചുവരാന്‍ മല്ല്യ സന്നദ്ധത അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിലൂടെ ഇന്ത്യയിലുള്ള മല്ല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് സ്വത്തുക്കള്‍ നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമായുള്ള വിവാദ വ്യവസായിയുടെ രംഗപ്രവേശമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

പുതിയ ഓര്‍ഡിനന്‍സ് പ്രകാരം പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി തീരുമാനിച്ചാല്‍ പിന്നീട് ഇതൊരിക്കലും ഉടമസ്ഥന് തിരികെ ലഭിക്കില്ല. കോടതി അനുമതി ലഭിച്ചാല്‍ പിടിച്ചെടുത്ത വസ്തുക്കളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാകും. ഈ സ്വത്തുക്കള്‍ ലേലം ചെയ്തു കിട്ടുന്ന പണം ഉപയോഗിച്ച് തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകും. കഴിഞ്ഞ രണ്ടു മാസമായി തുടര്‍ച്ചയായി ദൂതന്‍മാര്‍ മുഖേനയാണ് മല്ല്യ തന്റെ ആഗ്രഹം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചത്.

ബാങ്കുകളില്‍ നിന്നു കോടിക്കണക്കിന് രൂപ വായ്പയെടുത്തു മുങ്ങിയ മല്ല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പതിനേഴു ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ഇനത്തില്‍ 9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്നായിരുന്നു കേസ്. 2016 മാര്‍ച്ച് രണ്ടിനാണ് മല്ല്യ ഇന്ത്യ വിട്ടത്.

അനധികൃത പണമിടപാടുകള്‍ നടത്തിയതായി സംശയം ഉണ്ടായതിനെത്തുടര്‍ന്ന് ബ്രിട്ടനിലെ സീരിയസ് ഫ്രോഡ് ഓഫീസ് മല്ല്യക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. കള്ളക്കമ്പനികളുടെ പേരില്‍ ഇന്ത്യയില്‍ നിന്ന് വളഞ്ഞ വഴിയിലൂടെ ബ്രിട്ടനിലേക്കും അവിടെ നിന്ന് സ്വിറ്റ്‌സര്‍ലണ്ടിലേക്കും മറ്റു രാജ്യങ്ങളിലേക്കും കോടികള്‍ കടത്തിയെന്നാണ് മല്ല്യയ്‌ക്കെതിരായ പ്രധാന ആരോപണം.

ഇന്ത്യയില്‍ നിന്ന് തട്ടിച്ചെടുത്ത പണം ബ്രിട്ടനില്‍ ഇയാള്‍ നിക്ഷേപിച്ചുവെന്നും സൂചനയുണ്ട്. മല്ല്യയുടെ സ്വത്തുക്കള്‍, ബ്രിട്ടനിലെ വിവിധ സ്ഥാപനങ്ങളിലുള്ള നിക്ഷേപങ്ങള്‍, ഓഹരികള്‍, അക്കൗണ്ടുകള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളും ഫ്രോഡ് ഓഫീസ് ശേഖരിച്ചിരുന്നു.

Top