Vijay Mallya spotted at book launch event in UK

vijay mallya

ലണ്ടന്‍: ബോംബെ പ്രത്യേക കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ ലണ്ടനില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പങ്കെടുത്ത ചടങ്ങിനെത്തിയത് വിവാദമാകുന്നു. ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്‌തേജ് സര്‍ണ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങിലാണ് മല്യയും പങ്കെടുത്തത്. സുഹേല്‍ സേത്ത്,പത്ര പ്രവര്‍ത്തകന്‍ സണ്ണി സെന്‍,എന്നിവര്‍ ചേര്‍ന്നെഴുതിയ ‘മന്ത്രാസ് ഫോര്‍ സക്‌സസ്സ്:ഇന്ത്യാസ് ഗ്രേറ്റസ്റ്റ് സി.ഇ.ഓസ് ടെല്‍ യു ഹൗ റ്റു വിന്‍'(Matnras for Success: India’s Greatest CEOs Tell You How to Win ) എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഇന്ത്യ തേടുന്ന സാമ്പത്തിക കുറ്റവാളി വിജയ് മല്യ നയതന്ത്ര പ്രതിനിധിക്കൊപ്പം പങ്കെടുത്തത്.

അതേസമയം ലണ്ടനില്‍ നടന്ന ചടങ്ങ് സര്‍ക്കാര്‍ സംഘടിപ്പിച്ചതല്ലെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

തന്റെ പുസ്തക പ്രകാശന ചടങ്ങ് തുറന്ന സദസ്സായിരുന്നുവെന്നും വിജയ് മല്യ പ്രത്യേകം ക്ഷണിക്കാതെ തന്നെ സദസ്സില്‍ ഒരാളായി പങ്കെടുത്തതാണെന്നും സുഹേല്‍ സേത്ത് ട്വിറ്ററിലൂടെ പ്രതികരിച്ചു. വിജയ് മല്യയെ സദസ്സില്‍ കണ്ട ഉടന്‍ അതൃപതി അറിയിച്ച് നവ്‌തേജ് സര്‍ണ ഇറങ്ങിപ്പോയതായും സുഹേല്‍ സേത്ത് എന്‍.ഡി.ടി.വി വാര്‍ത്താ ചാനലിനോട് പറഞ്ഞു.

9000 കോടി രൂപയുടെ കടബാധ്യത വരുത്തി നാടുവിട്ട യു.ബി ഗ്രൂപ് ചെയര്‍മാന്‍ വിജയ് മല്യയോട് ഇന്ത്യയിലേക്ക് തിരിച്ച് വരാന്‍ കോടതി നിരവധി തവണ ഉത്തരവിട്ടിരുന്നു.

ഇതിനെ തുടര്‍ന്നാണ് കള്ളപ്പണ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ ഫ്‌ളാറ്റുകളും ചെന്നൈയിലെ ഭൂമിയും ബാങ്ക് അക്കൗണ്ടും കിങ് ഫിഷര്‍ ടവറും അടക്കം മല്യയുടെ 1411 കോടി രൂപയുടെ സ്വത്ത് കഴിഞ്ഞ ദിവസമാണ് ഇ.ഡി കണ്ടു കെട്ടിയത്. ബാങ്കുകള്‍ക്ക് 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയാണ് മല്യ ഇന്ത്യ വിട്ടത്. കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ ഐ.ഡി.ബി.ഐ ബാങ്കില്‍നിന്ന് കടമെടുത്ത 430 കോടി രൂപ വിദേശങ്ങളില്‍ സ്വത്തുവാങ്ങാന്‍ വക തിരിച്ചുവിട്ടെന്നാണ് ഇ.ഡി സംശയിക്കുന്നത്.

Top