ലണ്ടന്‍: ഇന്ത്യന്‍ അധികൃതര്‍ തന്നെ വേട്ടയാടുകയാണെന്ന് മദ്യരാജാവ് വിജയ് മല്യ. തന്നെ ചോദ്യം ചെയ്യേണ്ടവര്‍ക്ക് ലണ്ടനിലെത്തി ചോദ്യം ചെയ്യാം. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയും തന്നോട് സംസാരിക്കാം.
ചോദ്യങ്ങള്‍ ഇ മെയില്‍ ചെയ്താല്‍ മറുപടി നല്‍കാം. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ‘ഓട്ടോസ്‌പോര്‍ട്’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മല്യ പറഞ്ഞു.
ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 9,000 കോടിരൂപ തിരിച്ചടയ്ക്കാതെ രാജ്യവിട്ട മല്യ ലണ്ടനില്‍ കഴിയുകയാണ് ഇപ്പോള്‍. പലതവണ സമന്‍സ് അയച്ചിട്ടും ഹാജരാകാന്‍ വിസമ്മതിച്ചതോടെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മല്യയുടെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് പല അന്വേഷണങ്ങളും നടക്കുന്നതെന്ന് മല്യ ആരോപിച്ചു. അന്വേഷണ ഏജന്‍സികളുടെ യഥാര്‍ഥ ലക്ഷ്യമെന്തെന്ന് അറിയാത്തതിനാല്‍ അവരെ വിശ്വസിക്കാന്‍ കഴിയില്ല.
1985 ല്‍ അന്വേഷണ ഏജന്‍സികള്‍ തന്നെ വേട്ടയാടിയെങ്കിലും ഒരു കുറ്റവും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നും മല്യ പറഞ്ഞു.