അടുപ്പക്കാരുടെ പേരില്‍ വിജയ് മല്ല്യയ്ക്ക് 20 കടലാസ് കമ്പനികള്‍

ന്യൂഡല്‍ഹി: സാമ്പത്തിക തിരിമറി കേസില്‍ മദ്യ വ്യവസായി വിജയ് മല്ല്യയ്ക്ക് 20 കടലാസ് കമ്പനികളുള്ളതായി അന്വേഷണ സംഘം കണ്ടെത്തി.

ഐ.ഡി.ബി.ഐ. ബാങ്കിന്റെ വായ്പ്പാ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മല്ല്യയ്ക്ക് സ്വന്തം ജീവനക്കാരുടെയും അടുപ്പക്കാരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത കടലാസുകമ്പനികളുള്ളതായി പറയുന്നത്.

പലരുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇത്തരം കമ്പനികളില്‍ നിന്ന് ഓഹരികളായും മറ്റും കോടിക്കണക്കിനു രൂപയുടെ സ്വത്ത് മല്ല്യയുടെ കൈവശമുള്ളതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും വിരമിച്ച ജീവനക്കാരുടെയും പേരിലാണ് ഇത്തരം വ്യാജ കമ്പനികളുള്ളത്.

കര്‍ണാടകത്തിലുള്ള കൂര്‍ഗിലെ കാപ്പിത്തോട്ടവും ബംഗളൂരുവിലെ മറ്റ് ആസ്തികളും മഹാരാഷ്ട്രയിലെ അലിബാഗിലുള്ള 100 കോടിയുടെ ഫാംഹൗസും കള്ളപ്പണ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയതായി അന്വേഷണ സംഘം വ്യക്തമാക്കി.

ഐഡിബിഐ ബാങ്കില്‍ വായ്പയെടുക്കാനായി സമര്‍പ്പിച്ച രേഖകളില്‍ 1,760 കോടിയുടെ ആസ്തിയാണ് കാണിച്ചിരുന്നത്. എന്നാല്‍ ഈ സ്വത്തുക്കള്‍ ബാങ്ക് വായ്പക്കുള്ള ഈടായി കാണിച്ചിരുന്നില്ല.

Top