ആരാധക കൂട്ടായ്മയുടെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി വിജയ്

ചെന്നൈ: ആരാധക കൂട്ടായ്മയുടെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി തമിഴ് നടൻ വിജയ്. വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുമായി ചെന്നൈയിലെ വീട്ടിലാണ് കൂടിക്കാഴ്ച. വിജയ് രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹം ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 234 നിയോജക മണ്ഡലങ്ങളിലെയും ആരാധക കൂട്ടായ്മ ഭാരവാഹികൾ രാവിലെ തന്നെ ചെന്നൈയിൽ എത്തിയിരുന്നു. രണ്ടരക്ക് ശേഷമാണ് വിജയ് യോ​ഗത്തിലേക്ക് എത്തിയത്. ഭാരവാഹികൾ ഓരോരുത്തരുമായും വിജയ് സംസാരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം വരാൻ പോകുന്ന വർഷങ്ങളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് ഓരോ ജില്ലയിലെയും ഭാരവാഹികളുമായി സംസാരിക്കുമെന്നും സൂചനയുണ്ട്.

അടുത്തിടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിന് ശേഷം ഈ ഭാരവാഹികളുമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാണ് ഔദ്യോ​ഗികമായി നൽകുന്ന വിശദീകരണം. എന്തായാലും വിജയിയുടെ രാഷ്ട്രീയ പ്രവേശം അടുത്ത വർഷം ഉണ്ടാകുെമെന്നും 2026 ലെ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയായി തന്നെ രം​ഗത്തുണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെയാണ് ഈ സംഭവം.

ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നടൻ വിജയ്. ഇതിനിടയിൽ വിജയ് രാഷട്രീയത്തിലേക്ക് പോകുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിനായി വിജയ് സിനിമയിൽ നിന്നും ഇടവേള എടുക്കുന്നുവെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും വിജയ് ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വെങ്കട്ട് പ്രഭു ചിത്രം 2024 ദീപാവലി റിലീസ് ആയാണ് പുറത്തിറങ്ങുക. 2026 ലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയാണ് തമിഴകത്ത് നടക്കുന്നത്. അതേസമയം അഭ്യൂഹങ്ങളോട് വിജയോ ആരാധക കൂട്ടായ്മയോ പ്രതികരിച്ചിട്ടില്ല.

Top