ഇന്ത്യൻ സിനിമാ വ്യവസായത്തെ അമ്പരിപ്പിച്ച് ‘ലിയോ’ ദളപതിയും ടീമും ലക്ഷ്യമിടുന്നത് 1000 കോടി !

ന്ത്യന്‍ സിനിമാ മേഖലയെ വിസ്മയിപ്പിച്ചാണ് തെന്നിന്ത്യന്‍ സിനിമാ ലോകം ഇപ്പോള്‍ കുതിച്ചു കൊണ്ടിരിക്കുന്നത്. ബാഹുബലി, കെ.ജി.എഫ് ഒടുവില്‍ ആര്‍.ആര്‍.ആറും ആയിരം കോടി കൊയ്ത തെന്നിന്ത്യന്‍ സിനിമകളാണ്. തെലുങ്ക്, കന്നട സിനിമാ മേഖലകള്‍ സംഭാവന ചെയ്ത ഈ പട്ടികയിലേക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു തമിഴ് സിനിമ എത്താന്‍ പോകുകയാണ്. അതാണ് ദളപതി വിജയ് യുടെ ‘ബ്ലഡി സ്വീറ്റ് ലിയോ’. ലോകേഷ് കനകരാജ് എന്ന സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ‘വിക്രം’ സിനമയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ഈ ബ്രഹ്‌മാണ്ട ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ ദത്ത് ഉള്‍പ്പെടെ വലിയ ഒരു താരനിര തന്നെയുണ്ട്. എത്രമാത്രം ഈ സിനിമയെ പ്രേക്ഷകര്‍ കാത്തിരിക്കുന്നു എന്നത് വെളിവാക്കുന്നതാണ് മൂന്നാം തിയ്യതി വൈകീട്ട് പുറത്തിറങ്ങിയ ടൈറ്റില്‍ ടീസറിനു ലഭിച്ചിരിക്കുന്ന വമ്പിച്ച വരവേല്‍പ്പ് സോഷ്യല്‍ മീഡിയകളില്‍ വിജയ് പ്രത്യക്ഷപ്പെടുന്ന ഈ ടീസറിനു ചരിത്രത്തിലെ ഏറ്റവും മികച്ച വരവേല്‍പ്പു തന്നെയാണ് ലഭിച്ചിരിക്കുന്നത്.  ഇതും മറ്റൊരു റെക്കോര്‍ഡായി മാറാന്‍ തന്നെയാണ് സാധ്യത. ഒറ്റ ദിവസം കൊണ്ട് സിനിമയുടെ ടീസർ 2.4 കോടി ജനങ്ങളാണ് കണ്ടത്.

നായക കഥാപാത്രത്തിന്റെ പേരാണ് ലിയോ എന്ന തരത്തിലാണ് ടീസറില്‍ ടൈറ്റിലിനെ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്‌ലൈന്‍. ഈ ടാഗ്‌ലൈനിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള വീഡിയോയില്‍ ചോക്കലേറ്റും ഒരു വാളും ഒരേ സമയം നിര്‍മ്മിക്കുന്ന നായകനാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദ്രവ രൂപത്തിലുള്ള ചോക്കലേറ്റില്‍ മുക്കിയാണ് ദൃശ്യത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് ഇരുമ്പ് കാച്ചുന്നത്. ഇതൊരു വ്യത്യസ്ത കാഴ്ച തന്നെയാണ്. ചിത്രത്തില്‍ വിജയ്‌ക്കൊപ്പം എത്തുന്ന പത്ത് താരങ്ങളുടെ പേരുവിവരങ്ങളും അണിയറക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൗതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ദളപതി ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ഈ ആക്ഷന്‍ സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസയും സംഘട്ടന സംവിധാനം അന്‍പറിവുമാണ് നിര്‍വ്വഹിക്കുന്നത്. കശ്മീരില്‍ ഷൂട്ടിങ് ആരംഭിച്ച ‘ബ്ലഡി സ്വീറ്റ് ലിയോ’ ഒക്ടോബര്‍ 19 ന് റിലീസ് ചെയ്യുമെന്ന നിര്‍ണ്ണായക വിവരവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

വളരെ പെട്ടന്ന് ഷൂട്ടിങ് പൂര്‍ത്തീകരിച്ച് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമായി ഇതോടെ ദളപതി ചിത്രം മാറും. റിലീസ് തിയ്യതി മുന്‍കൂട്ടി പ്രഖ്യാപിച്ചതിനു പിന്നില്‍ ഒരു വെല്ലുവിളി കൂടിയാണ് ദളപതി ടീം നടത്തിയിരിക്കുന്നത്. ഏത് സൂപ്പര്‍ താരത്തിന്റെ സിനിമ വന്നാലും നേരിടാന്‍ തയ്യാറാണെന്ന സന്ദേശമാണിത്. വിജയ് നായകനായ ‘വാരിസ് ‘ സിനിമക്കൊപ്പം തന്നെ അജിത്തിന്റെ ‘തുനിവ് ‘ സിനിമ റിലീസ് ചെയ്തത് ദളപതിയുടെ താരമൂല്യം തകര്‍ക്കാനാണെന്ന പ്രചരണമാണ് തമിഴകത്തുള്ളത്. എന്നാല്‍, സകല വെല്ലുവിളികളെയും തകര്‍കത്തറിഞ്ഞ് 300 കോടിയോളമാണ് വാരിസ് കളക്ട് ചെയ്തിരിക്കുന്നത്. സാറ്റ് ലൈറ്റ് ഉള്‍പ്പെടെയുള്ള മറ്റു ബിസിനസ്സുകള്‍ കൂടി പരിഗണിച്ചാല്‍ 500 കോടിയോളമാണ് ‘വാരിസ് ‘ വാരിയിരിക്കുന്നത്.

അജിത്ത് ആരാധകരെ സംബന്ധിച്ച് ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു നേട്ടമാണിത്. വാരിസ് 500 കോടിയാണ് നേടിയതെങ്കില്‍ ‘ബ്ലഡി സ്വീറ്റ് ലിയോ ‘ 1000 കോടിയിലേറെ കളക്ട് ചെയ്യുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്. ദളപതി വിജയ് യെ ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമാക്കി മാറ്റുന്ന സിനിമയായിരിക്കും ഇതെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയുടെ ഈ ഭയപ്പെടുത്തുന്ന മുന്നേറ്റത്തില്‍ പകച്ചു നില്‍ക്കുകയാണിപ്പോള്‍ ബോളിവുഡ്. സഞ്ജയ ദത്തിനു പുറമെ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ മറ്റു ബോളിവുഡ് താരങ്ങളും റെഡിയാണ്. ലോകേഷ് കനകരാജ് സിനിമയ്ക്കു ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്നതായി പറയപ്പെടുന്ന വിജയ് ചിത്രത്തില്‍ സാക്ഷാല്‍ ഷാരൂഖ് ഖാന്‍ തന്നെ എത്തുമെന്നാണ് സൂചന.


EXPRESS KERALA VIEW

Top