ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനിയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രാവിലെ മഹാത്മ നഗറില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ഒ.പി. കോഹ്ലി രൂപാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
1956 ആഗസ്റ്റ് രണ്ടിന് ജനിച്ച വിജയ് രൂപാനി എല്‍.എല്‍.ബി ബിരുദധാരിയാണ്. മുന്‍ രാജ്യസഭാംഗമാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സംസ്ഥാന ധനകാര്യ ബോര്‍ഡ് ചെയര്‍മാനായിരുന്നു.
2014ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് രാജ്‌കോട്ടില്‍നിന്ന് നിയമസഭയിലെത്തുന്നതും തുടര്‍ന്ന് ആനന്ദിബെന്‍ മന്ത്രിസഭയില്‍ അംഗമാകുന്നതും. ഭാര്യയും രണ്ട് മക്കളുമുണ്ട്.
ദലിതുകള്‍ക്ക് നേരെയുള്ള ആക്രമണവും പട്ടേല്‍ സംവരണ പ്രക്ഷോഭവും ആനന്ദിബെന്‍ മന്ത്രിസഭയുടെ പ്രതിച്ഛായക്ക് തിരിച്ചടിയായതോടെയാണ് വിജയ് രൂപാനിയെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്.
ശനിയാഴ്ച ഗവര്‍ണറെ കണ്ട വിജയ് രൂപാനി പുതിയ സര്‍ക്കാറുണ്ടാക്കാന്‍ അവകാശമുന്നയിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ സത്യപ്രതിജ്ഞാ ചടങ്ങുമായി മുന്നോട്ടുപോകാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു കൊണ്ടുള്ള കത്ത് അമിത് ഷാക്ക് രൂപാനി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.