ശ്രീറാം രാഘവന്റെ സംവിധാനത്തിൽ വിജയ് സേതുപതിയും കത്രീന കൈഫും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘മെറി ക്രിസ്‍മസ്’. ഈ വര്‍ഷം ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രത്തിന്റെ റീലീസ് മാറ്റിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2023ല്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ഇത്.
സഞ്‍ജയ് കപൂര്‍, രാധിക ശരത്‍കുമാര്‍, ടിന്നു ആനന്ദ്, വിനയ് പതക്, കവിൻ ജയ് ബാബു, പ്രതിമ കസ്‍മി, ഷണ്‍മുഖരാജൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂജയാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
അറ്റ്‍ലീ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിലും വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്. ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ എന്ന ചിത്രത്തില്‍ മികച്ച വേഷമാണ് വിജയ് സേതുപതിക്ക് എന്നാണ് റിപ്പോര്‍ട്ട്.
കത്രീന കൈഫ് നായികയായി എത്തുന്ന ഹൊറര്‍ കോമഡി ‘ഫോണ്‍ ഭൂത്’ നവംബര്‍ നാലിന് റിലീസാകും. ഇഷാൻ ഖട്ടര്‍, സിദ്ദാര്‍ത്ഥ് ചതുര്‍വേദി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഗുര്‍മീത് സിംഗ് ആണ് സംവിധാനം ചെയ്യുന്നത്. രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഫറാൻ അക്തര്‍, റിതേഷ് സിധ്വനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.