തമിഴക രാഷ്ട്രീയത്തെ ഞെട്ടിച്ച് വിജയ്, പടം വച്ച് വോട്ട് പിടിച്ചപ്പോൾ തന്നെ . . .

മിഴകത്ത് ഇപ്പോള്‍ മാറ്റത്തിന്റെ തുടക്കമാണ്. കൃത്യമായ ഇടപെടലാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിലവില്‍ നടത്തി കൊണ്ടിരിക്കുന്നത്. പ്രഭാത സവാരി പോലും ജനങ്ങളുമായി സംവദിക്കാനുള്ള വേദിയാക്കി അദ്ദേഹം മാറ്റി കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ബറാക്ക് ഒബാമ നടത്തിയ മാതൃകയാണിത്. ജനകീയ മുഖ്യമന്ത്രി എന്ന പ്രതിച്ഛായ ലഭിക്കാന്‍ പറ്റാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുക എന്നതാണ് സ്റ്റാലിന്റെ തന്ത്രം. ജനക്ഷേമകരമായ നിരവധി പദ്ധതികള്‍ ഇതിനകം തന്നെ ഡി.എം.കെ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പെട്രോള്‍ വില കുറച്ചതും ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളില്‍ പകുതിയിലേറെയും ഒഴിവാക്കിയതും വലിയ ജനശ്രദ്ധ തന്നെ പിടിച്ചു പറ്റിയിട്ടുണ്ട്. അണ്ണാ ഡി.എം.കെയ്ക്ക് തുടര്‍ച്ചയായി രണ്ടു തവണ തമിഴക ഭരണം ലഭിച്ചത് ജയലളിതയുടെ ജനക്ഷേമ പദ്ധതികള്‍ മൂലമായിരുന്നു ഇതു തന്നെയാണിപ്പോള്‍ സ്റ്റാലിനും പിന്തുടരുന്നത്. ഈ അഞ്ചു വര്‍ഷം ഭരിക്കുക എന്നതിലുപരി അടുത്ത 5 വര്‍ഷം കൂടി ഡി.എം.കെ ഭരണം കൊണ്ടുവരിക എന്നതാണ് സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്.

തന്റെ പിന്‍ഗാമിയായി മകന്‍ ഉദയനിധി സ്റ്റാലിനെ ഉചിതമായ സമയത്ത് രംഗത്തിറക്കാനാണ് തീരുമാനം. നിലവില്‍ എം.എല്‍.എ ആണെങ്കിലും ഉദയനിധിയെ ഇത്തവണ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതും സ്റ്റാലിന്റെ മറ്റൊരു തന്ത്രമാണ്. സിനിമാ നടന്‍ കൂടിയായ ഉദയനിധി സ്റ്റാലിന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ പ്രധാന താര പ്രചാരകനായിരുന്നു. ഡി.എം.കെ നേതാക്കള്‍ക്കും ഉദയനിധി ഇപ്പോള്‍ ഏറെ സ്വീകാര്യനാണ്. സഹോദരന്‍ അഴഗിരി പാര്‍ട്ടിക്ക് പുറത്തായതിനാല്‍ സ്റ്റാലിന് നിലവില്‍ പാര്‍ട്ടിയില്‍ എതിരാളികള്‍ ആരുമില്ല. അതു കൊണ്ട് തന്നെ എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന് ഉദയനിധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും കഴിയും. അത് എപ്പോള്‍ എന്നതാണ് ഇനി കണ്ടറിയേണ്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദയനിധി തന്നെ ആയിരിക്കും ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഉദയനിധിയുടെ ‘പാത’ സുഗമമാക്കാനാണ് സ്റ്റാലിന്‍ ജനകീയ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന വിലയിരുത്തലും തമിഴകത്ത് ശക്തമാണ്.

അതേസമയം സ്റ്റാലിന്‍ സര്‍ക്കാര്‍ നേടുന്ന കയ്യടിയില്‍ അണ്ണാ ഡി.എം.കെ നേതൃത്വം ശരിക്കും അസ്വസ്ഥരാണ്. എടപ്പാടി പളനി സ്വാമിക്കെതിരെ ആ വിഭാഗത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഇത് മുതലാക്കാന്‍ അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി ശശികലയും ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. താന്‍ വീണ്ടും സജീവ രാഷ്ട്രിയത്തില്‍ ഇറങ്ങുമെന്നാണ് ജയലളിതയുടെ ഈ മുന്‍ തോഴി പ്രഖ്യാപിച്ചിരിക്കുന്നത്. ‘പാര്‍ട്ടിയുടെ തകര്‍ച്ച കണ്ടുനില്‍ക്കാനാവില്ലെന്നും എല്ലാവരെയും നേരില്‍ കാണാന്‍ ഉടനെത്തുമെന്നുമാണ് ” അറിയിപ്പ്. ‘പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഉടനെ ഞാനെത്തും പാര്‍ട്ടിയുടെ അധഃപതനം ഇനിയും എനിക്ക് കണ്ടുനില്‍ക്കാനാവില്ല. എല്ലാവരേയും ഒരുമിച്ചു നിര്‍ത്തലാണ് പാര്‍ട്ടിയുടെ നയം നമുക്കൊരുമിക്കാം’ .. ഇതാണ് -ശശികല പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അണ്ണാ ഡി.എം.കെ.യുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കായി ഒ. പനീര്‍ശെല്‍വവും എടപ്പാടി പളനിസ്വാമിയും നേതൃത്വം നല്‍കുന്ന ഔദ്യോഗികപക്ഷം ഒരുങ്ങുന്നതിനിടെയാണ് ശശികലയുടെ തിരിച്ചവരവ് എന്നതും ശ്രദ്ധേയമാണ്. അടുത്ത വര്‍ഷമാണ് പാര്‍ട്ടി രൂപവല്‍കരിച്ചിട്ട് 50 വര്‍ഷം തികയുന്നത്. 1972 ഒക്‌ടോബര്‍ 17നാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്‍ അണ്ണാ ഡി.എം.കെ എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചിരുന്നത്. മുന്‍ മുഖ്യമന്ത്രി പളനസ്വാമിയുടെ കൂട്ടാളികള്‍ക്കെതിരായ വിജിലന്‍സ് കേസുകള്‍ക്കൊപ്പം ഡി.എം.കെ സര്‍ക്കാര്‍ കോടനാട് കേസ് കൂടി കുത്തിപ്പൊക്കിയ സാഹചര്യത്തില്‍ ശശികലയുടെ തിരിച്ചവരവിന് വലിയ രാഷ്ട്രീയ മാനവും കൈവന്നിട്ടുണ്ട്. ശശികല പിടിമുറുക്കിയാല്‍ അണ്ണാ ഡി.എം.കെയില്‍ പിളര്‍പ്പും അനിവാര്യമാകും. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാനാണ് ശശികലയുടെ ശ്രമം അതിന് താന്‍ അനിവാര്യമാണ് എന്ന ബോധം ഇതിനകം തന്നെ അണ്ണാ ഡി.എം.കെ അണികളിലും അവര്‍ ഉണ്ടാക്കിയിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം പ്രത്യേകിച്ച് തമിഴകത്ത് അതിനുള്ള സാധ്യത വളരെ കൂടുതലാണ്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പിന്മാറ്റമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെക്ക് വിജയം എളുപ്പമാക്കിയിരിക്കുന്നത്. നടന്‍ കമല്‍ഹാസനാകട്ടെ ഒരു ചലനവും സൃഷ്ടിക്കാനും കഴിഞ്ഞിട്ടില്ല. എന്നാല്‍ ദളപതി വിജയ് ഇറങ്ങിയാല്‍ ഇനി ‘കളി’ മാറും. അത് അണ്ണാ ഡി.എം.കെ നേതൃത്വത്തിനു മാത്രമല്ല മുഖ്യമന്ത്രി സ്റ്റാലിനും ശരിക്കും അറിയാം. രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലം ഇല്ലന്ന വിജയ് യുടെ പ്രഖ്യാപനമാണ് ഇവര്‍ക്കെല്ലാം തല്‍ക്കാലം ആശ്വാസമേകുന്നത്. രാഷ്ട്രിയ പാര്‍ട്ടി രൂപീകരിക്കാനുള്ള സ്വന്തം പിതാവിന്റെ നീക്കത്തെ പരസ്യമായാണ് വിജയ് തള്ളിപ്പറഞ്ഞിരുന്നത്. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ് രംഗത്തു വരാനുള്ള സാധ്യത ഇനിയും തള്ളിക്കളയാന്‍ കഴിയുകയില്ല.

‘സ്റ്റാലിന്‍യുഗം’ അവസാനിക്കുന്നതോടെ തമിഴകത്ത് വലിയ സാധ്യത വിജയ് എന്ന നടനുണ്ട്. കാരണം അദ്ദേഹത്തിന്റെ ഫാന്‍സ് സംഘടനക്ക് ശക്തമായ അടിത്തറയാണ് ആ മണ്ണിലുള്ളത്. ഓരോ ജില്ലയിലും ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ എന്നു പറഞ്ഞാല്‍ തികച്ചും അവിശ്വസനീയം തന്നെയാണ്. എന്നാല്‍ വിജയ് ഫാന്‍സിനെ സംബന്ധിച്ച് അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഇപ്പോള്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയ് യുടെ ഫോട്ടോ വച്ച് മാത്രം പ്രചരണം നടത്തിയപ്പോള്‍ അനവധി വിജയ് ഫാന്‍സ് അംഗങ്ങളാണ് വിജയിച്ചിരിക്കുന്നത്. ഒന്‍പത് ജില്ലകളിലായി മത്സരിച്ച 169 പേരില്‍115 ദളപതി ‘വിജയ് മക്കള്‍ ഇയക്കം’ അംഗങ്ങളും വിജയിച്ചിരിക്കുകയാണ്. വില്ലുപുരം ജില്ലയിലെ വാനുർ പഞ്ചായത്തിൽ വിജയ് ഫാൻസിലെ സാവിത്രിയാണ് പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്.

കാഞ്ചിപുരം, ചെങ്കല്‍പ്പേട്ട്, കല്ലകുറിച്ചി, വില്ലുപുരം, റാണിപ്പേട്ട്, തിരുപ്പത്തൂര്‍, തെങ്കാശി, തിരുന്നേല്‍വേലി എന്നിവിടങ്ങളില്‍ എല്ലാം വിജയ് ഫാന്‍സ് അംഗങ്ങള്‍ വിജയിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ എതിരാളികള്‍ ഇല്ലാതെയാണ് വിജയിച്ചിരിക്കുന്നത്. ദളപതിയുടെ പടം വെച്ച് വോട്ട് പിടിച്ചാല്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ വലിയ നേട്ടം തന്നെ കൊയ്യാന്‍ കഴിയും. വിജയ് എപ്പോള്‍ രാഷ്ട്രിയത്തില്‍ ഇറങ്ങിയാലും ഒപ്പം നില്‍ക്കാന്‍ അദ്ദേഹത്തിന്റെ ആരാധകപട തയ്യാറാണ്. അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഈ ഒരു സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടതില്ല എന്ന മുന്‍ തീരുമാനം വിജയ് പുനപരിശോധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ദളപതിയുടെ ആരാധക കരുത്തിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ പേടിക്കുക തന്നെ വേണം. സിനിമയും സൂപ്പര്‍താരങ്ങളും രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തമിഴകത്ത് ‘ലേറ്റായാലും ലേറ്റസ്റ്റായി ‘ വിജയ് വന്നാല്‍ അതോടെ പുതിയ ഒരു മാറ്റത്തിനാണ് തുടക്കമാവുക.

EXPRESS KERALA VIEW

Top