വിജയ് രാഷ്ട്രീയത്തിലേക്കോ ? ആരാധകരെ ലക്ഷ്യമിട്ട് ഫാന്‍സ് പ്രവര്‍ത്തനം ശക്തമാക്കി

Vijay_politics

ചെന്നെ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനും കമല്‍ ഹാസനും പിന്നാലെ സൂപ്പര്‍ താരം ദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങുവാന്‍ തയ്യാറെടുക്കുന്നതായി അഭ്യൂഹം. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തന്റെ ഫാന്‍സ് സംഘടനയായ മക്കള്‍ മന്‍ട്രത്തില്‍ പരമാവധി പ്രവര്‍ത്തകരെ ചേര്‍ക്കുന്നതിനായി സംസ്ഥാന-ജില്ലാ ഘടകങ്ങളോട് വിജയ് അടിയന്തരമായി ആവശ്യപ്പെട്ടതാണ് അഭ്യൂഹത്തിന് കാരണമായിരിക്കുന്നത്.

വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ താഴെ തട്ടില്‍ നേരിട്ടിറങ്ങിയും സോഷ്യല്‍ മീഡിയ വഴിയും ഇതിനകം തന്നെ വലിയ ക്യാംപെയിനിന് തുടക്കമിട്ടു കഴിഞ്ഞു. www.vijaymakaliyakkam.in എന്ന വെബ് സൈറ്റ് വഴിയും പ്രചാരം പൊടിപൊടിക്കുന്നുണ്ട്.

ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ രാഷ്ട്രീയത്തോട് താല്‍പ്പര്യം കാണിച്ച വ്യക്തിയാണ് വിജയ്. ‘തലൈവ’ എന്ന വിജയ് സിനിമ റിലീസ് ചെയ്യുന്നതിന് ഏര്‍പ്പെട്ട വലിയ പ്രതിസന്ധികള്‍ ജയലളിതയുടെ അപ്രീതി കൊണ്ടായിരുന്നു. തലൈവയുടെ സബ് ടൈറ്റലായ ‘ടൈം ടു ലീഡ് ‘ എന്ന വാചകമാണ് ജയലളിതയെ ചൊടിപ്പിച്ചിരുന്നത്.
vijay_politics1

തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി ജയലളിതയെ നേരിട്ട് കാണാന്‍ വിജയ് ശ്രമിച്ചെങ്കിലും ജയലളിത അനുമതി നിഷേധിച്ചത് അന്ന് തമിഴ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ നിരവധി രംഗങ്ങള്‍ വെട്ടിമാറ്റിയാണ് തലൈവ പ്രദര്‍ശനത്തിനെത്തിയത്.

ഈ സംഭവം വിജയ്‌യുടെ മനസ്സില്‍ വലിയ പോറല്‍ ഏല്‍പ്പിച്ചെന്നും മുഖ്യമന്ത്രി കസേരയില്‍ ഒരു ദിവസമെങ്കിലും ഇരുന്ന് അദ്ദേഹം അതിന് മറുപടി നല്‍കുമെന്നും തലൈവ പ്രശ്‌നം കത്തി നിന്ന സമയത്ത് തന്നെ ആരാധകര്‍ തുറന്നടിച്ചിരുന്നു.

ജയലളിതയുടെ മരണശേഷം ‘അനാഥ’ മായ തമിഴകത്തെ വിജയ് നയിക്കണമെന്നും രാഷ്ട്രീയത്തിലിറങ്ങണമെന്നും ശക്തമായ ആവശ്യമുയര്‍ന്നെങ്കിലും ദളപതി പ്രതികരിച്ചിരുന്നില്ല.

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മെര്‍സല്‍ സിനിമക്കെതിരെ ബി.ജെ.പി തമിഴ് നാട് ഘടകം രംഗത്തെത്തിയത് വീണ്ടും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ച ചെയ്യാന്‍ വഴി ഒരുക്കുന്നതായിരുന്നു. എന്നാല്‍ പരസ്യമായ ഒരു പ്രതികരണത്തിനും അദ്ദേഹം മുതിര്‍ന്നില്ല.

vijay_politics2

എന്നാല്‍ അടുത്തയിടെ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ മെര്‍സലില്‍ കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശനം വിവാദമാകുമെന്ന് അറിഞ്ഞുതന്നെയാണ് പറഞ്ഞതെന്ന് വിജയ് തുറന്നടിക്കുക കൂടി ചെയ്തതോടെ വീണ്ടും ദളപതിയുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഇതിനിടെയാണ് ഇപ്പോള്‍ തിരക്കിട്ട് ആളുകളെ മക്കള്‍ മന്‍ട്രത്തില്‍ ചേര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നത്. സ്വന്തമായി ഒരു പതാകയുള്ള ഏക ഫാന്‍സ് സംഘടനയും ഇതാണ്. രജനീകാന്തും കമല്‍ ഹാസനും രാഷ്ട്രീയത്തിലിറങ്ങുന്ന ഈ ഘട്ടത്തില്‍ വിജയ് എന്ത് നിലപാട് സ്വീകരിച്ചാലും അത് തമിഴകത്തെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.

നിരവധി വര്‍ഷങ്ങളായി ദളപതിയുടെ പിറന്നാള്‍ ദിവസം സംസ്ഥാന വ്യാപകമായി പാവപ്പെട്ടവര്‍ക്ക് ധനസഹായവും തൊഴില്‍ ഉപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം നല്‍കി വരുന്ന പതിവ് വിജയ് ഫാന്‍സിനുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തുക കൂടി ചെയ്യുന്നതിനാല്‍ വലിയ സ്വാധീനമാണ് തമിഴകത്ത് ഈ യുവതാരത്തിനുള്ളത്.

രജനീകാന്തിനേക്കാള്‍ പുതിയ തലമുറ ഇഷ്ടപ്പെടുന്നത് ദളപതിയെ തന്നെയാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ നേതാക്കളെക്കാള്‍ സൂപ്പര്‍ താരങ്ങളെ ദൈവതുല്യമായി കാണുന്ന തമിഴകത്ത് വിജയ് എന്ത് നിലപാട് സ്വീകരിച്ചാലും അത് ജനവിധിയെ സ്വാധീനിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഓരോ ജില്ലകളിലും ലക്ഷക്കണക്കിന് ‘ആരാധക പട്ടാളമുള്ള ‘ ദളപതിയുടെ പിന്തുണ തേടാന്‍ ഇതിനകം തന്നെ രജനിയും കമലും ശ്രമം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ ‘ഊഴ’ത്തിനു ശേഷം മാത്രമേ വിജയ് രാഷ്ട്രീയത്തിലിറങ്ങൂവെന്ന ആത്മവിശ്വാസത്തിലാണ് ഇരുവരുമത്രെ.

റിപ്പോര്‍ട്ട്: ടി.അരുണ്‍ കുമാര്‍

Top