പാര്‍ട്ടിയുടെ പേരില്‍ മാറ്റം വരുത്താന്‍ വിജയ്; തമിഴക വെട്രി കഴകമല്ല ഇനി തമിഴക വെട്രിക്ക് കഴകം

ചെന്നൈ: പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ നേരിയ മാറ്റം വരുത്താനൊരുങ്ങി നടന്‍ വിജയ്. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കി മാറ്റാനാണു തീരുമാനം.പേരില്‍ മാറ്റം വരുത്തുന്നതിനായി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണു വിവരം. കമ്മിഷന്റെ അംഗീകാരം ലഭിച്ചതിനു ശേഷം തീരുമാനം വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.തമിഴ്നാടിന്റെ വിജയത്തിനായി പാര്‍ട്ടി എന്നതാണു തമിഴക വെട്രിക്ക് കഴകം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

സംസ്ഥാനത്തിന്റെ അവകാശങ്ങളുടെയും തത്വങ്ങളുടെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ മാറ്റത്തിനു വേണ്ടിയാണു പ്രവര്‍ത്തിക്കുകയെന്നു പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് വിജയ് പ്രഖ്യാപിച്ചിരിക്കെ, പേരിലെ പൊരുത്തക്കേടുകളെ കുറിച്ച് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ് തിരുത്തല്‍ നടപടിയിലേക്ക് നയിച്ചത്. അതേസമയം, വിജയിയുടെ പാര്‍ട്ടിയുടെ പേരിനെതിരെ തമിഴക വാഴ്വുരുമൈ കക്ഷി സ്ഥാപകന്‍ വേല്‍മുരുകന്‍ രംഗത്തെത്തി. ഇരുപാര്‍ട്ടികളുടെയും ചുരുക്കപ്പേര് ടിവികെ ആയതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് ആദ്യ പോരാട്ടത്തിനിറങ്ങും. നിലവിലുള്ള സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ സമയവും പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് വിജയ് പറഞ്ഞത്.

Top