27 വർഷം . . . ഇടിവെട്ട് സൂപ്പർ ഹിറ്റുകൾ, പരാജയത്തിൽ നിന്നും രചിച്ച പുതുചരിത്രം

ളപതി വിജയ് അഭിനയ ജീവിതത്തില്‍ ഇപ്പോള്‍ 27 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു ഹാഷ് ടാഗ് തന്നെ ഇപ്പോള്‍ ട്വിറ്ററില്‍ ട്രന്റായി മാറിയിട്ടുണ്ട്.

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വണ്‍ മില്യന്‍ ആളുകളാണ് ഇതിന്റെ ഭാഗമായിരിക്കുന്നത്.ഈ ഹാഷ് ടാഗ് ക്യാംപയിനും വിജയ് ആരാധകര്‍ ഏറ്റെടുത്ത് സൂപ്പര്‍ ഹിറ്റാക്കിയിരിക്കുകയാണ്. ജൂണ്‍ 22 വിജയ് യുടെ ജന്മദിനമാണെങ്കില്‍ ഡിസംബര്‍ 4 അദ്ദേഹം സിനിമയില്‍ എത്തിയ ദിവസമാണ്. ഈ രണ്ട് ദിനങ്ങളിലും വര്‍ഷാവര്‍ഷം വലിയ ആഘോഷമാണ് ദളപതി ആരാധകര്‍ നടത്തിവരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ വലിയ ഹൈലൈറ്റ്.

സിനിമയില്‍ കാലെടുത്ത് വച്ച ആദ്യ 10 വര്‍ഷം ശരിക്കും പോരാടിയാണ് വിജയ് സ്വന്തം ഇരിപ്പിടം സ്വന്തമാക്കിയിരുന്നത്.പിതാവായ പ്രമുഖ സംവിധായകന്‍ ചന്ദ്രശേഖറിന്റെ നിഴലില്‍ നില്‍ക്കാതെ സ്വന്തമായി പ്രയത്‌നിച്ച് തന്നെയാണ് വിജയ് മുന്നേറിയിരിക്കുന്നത്.

വിജയ് യുടെ കരിയറിലെ വഴിതിരിവായിരുന്നു ‘പൂവേ ഉനക്കാക്കെ’ എന്ന സിനിമ. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത ഈ സിനിമയിലൂടെയായിരുന്നു വിജയ് സിനിമാ രംഗത്തേക്ക് ഒഴുകി തുടങ്ങിയത്.

തിരുമലൈ, ഗില്ലി , തിരുപ്പാച്ചി, ശിവകാശി, പോക്കിരി എന്നീ സിനിമകളാണ് ആക്ഷന്‍ ഹീറോ പരിവേഷം അദ്ദേഹത്തിനു നല്‍കിയിരുന്നത്.എന്നാല്‍ ഇതിനു ശേഷം വീണ്ടും 3 വര്‍ഷം വിജയ് ശരിക്കും കഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടായത്. കുരുവി, വില്ല്, സുറ സിനിമകള്‍ക്ക് ബോക്‌സാഫീസില്‍ അടിതെറ്റിയത് വലിയ തിരിച്ചടിയായി. ഇതിനു ശേഷം ഒരു ഫിനിക്‌സ് പക്ഷിയെ പോലെയാണ് വിജയ് തിരിച്ച് വന്നിരുന്നത്. ‘പുലി’ പോലെ ചിലത് മാറ്റി വച്ചാല്‍ മറ്റ് മുഴവന്‍ സിനിമകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു.

ഫ്‌ളോപ്പായ രണ്ട് സിനിമകള്‍ പോലും വ്യക്തിപരമായി വിജയ്ക്ക് വലിയ നേട്ടമാണ് സമ്പാദിച്ച് നല്‍കിയിരുന്നത്. ‘സുറ’ യിലൂടെ പറഞ്ഞത് മത്സ്യതൊഴിലാളികളുടെ കണ്ണീരിന്റെ കഥയായതിനാല്‍ തീരദേശ മേഖലകളില്‍ വലിയ ജനപിന്തുണ ആര്‍ജിക്കാന്‍ ദളപതിക്ക് കഴിഞ്ഞിരുന്നു. പുലി സിനിമയാകട്ടെ കുട്ടികള്‍ വലിയ ഫാന്‍സായി അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കാനും കാരണമായി. പരാജയത്തില്‍ പോലും നേട്ടം ഉണ്ടാക്കുന്ന ദളപതിയുടെ ഈ കഴിവാണ് അദ്ദേഹത്തെ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ മുന്‍ നിരയിലാണ് ദളപതിയുടെ സ്ഥാനം.
കിട്ടുന്ന പണത്തില്‍ നല്ലൊരു പങ്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് വിജയ് ചിലവഴിക്കുന്നത്. ആഢംബരങ്ങളില്ലാതെ തികച്ചും സാധാരണക്കാരനായാണ് ദളപതി പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇതും അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ദ്ധിക്കുവാന്‍ ഒരു പ്രധാന കാരണമാണ്.

ഇതിനകം തന്നെ പതിനായിരക്കണക്കിന് പാവങ്ങളെ വിജയ് ഫാന്‍സ് അസോസിയേഷന്‍ സഹായിച്ചിട്ടുണ്ട്. സഹായ ഹസ്തം നല്‍കുന്ന കാര്യത്തില്‍ ഒരു പിശുക്കും കാട്ടാത്ത വ്യക്തിയാണ് വിജയ്. കേരളത്തിലേക്ക് പോലും ആ സഹായ ഹസ്തം പല ഘട്ടങ്ങളില്‍ നീണ്ടിട്ടുണ്ട്.

ബാല നടനായി നാളെയ തീര്‍പ്പ് എന്ന സിനിമയിലൂടെ വന്ന് ഇപ്പോള്‍ ബിഗില്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെത്തി നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ്. നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ‘കൈതി’ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ സിനിമയിലാണ്.

പോക്കിരി എന്ന സിനിമക്ക് ശേഷം വിജയ് യുടെ ഏറ്റവും കടുപ്പമേറിയ രൗദ്രഭാവമുള്ള സിനിമയാണിത്. ആദ്യ രണ്ട് സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ തെന്നിന്ത്യയെ ഞെട്ടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ക്രൈം സിനിമകള്‍ പറയാന്‍ ഒരു പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിനുണ്ട്. കൈതി സിനിമയുടെ തകര്‍പ്പന്‍ വിജയം അതാണ് സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജും വിജയ് യും ഒരുമിക്കുമ്പോള്‍ അതൊരു തീപാറും മാസ് സിനിമയായി മാറുമെന്ന കാര്യവും ഉറപ്പാണ്.

കൈതി സിനിമ പുറത്തിറങ്ങും മുന്‍പ് തന്നെയാണ് ലോകേഷിന് വിജയ് ഡെയ്റ്റ് നല്‍കിയിരുന്ന്. ഇത് ദളപതിയുടെ ഉള്‍ക്കാഴ്ച കൂടി വ്യക്തമാക്കുന്നതാണ്. പ്രഭുദേവ ആക്ഷന്‍ സിനിമാ സംവിധായകനായി ഇന്ന് ബോളിവുഡില്‍ വിലസുന്നുണ്ടെങ്കില്‍ അതിന് ‘പോക്കിരി’ സിനിമ വഹിച്ച പങ്കും വളരെ വലുതാണ്.

പുതുതലമുറ സംവിധായകനായ അറ്റ്‌ലിയെ തമിഴകത്തെ ഒന്നാം നമ്പര്‍ സംവിധായകനായി ഉയര്‍ത്തിയതും ദളപതിയാണ്.അറ്റ്‌ലിയുടെ കരിയറിലെ തന്നെ ബ്രഹ്മാണ്ട ഹിറ്റുകളാണ് തെരി, മെര്‍സല്‍ , ബിഗില്‍ എന്നീ വിജയ് ചിത്രങ്ങള്‍.

സൂര്യയുടെ ഗജനിയിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തെ അമ്പരപ്പിച്ച സംവിധായകന്‍ മുരുഗദോസിന് വമ്പന്‍ ഹിറ്റുകള്‍ നല്‍കിയതും വിജയ് ആണ്.

തുപ്പാക്കി, കത്തി എന്നീ രണ്ട് സിനിമകള്‍ മുരുഗദോസിന്റെ സിനിമാ ജീവിതത്തിലെ ബ്രഹ്മാണ്ട ഹിറ്റുകളാണ്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ‘ദര്‍ബാര്‍’ ആണ് മുരുഗദോസിന്റെ പുതിയ ചിത്രം. തമിഴകം പ്രതീക്ഷയോടെയാണ് ഈ സിനിമയെ ഉറ്റുനോക്കുന്നത്. ദര്‍ബാറിനു ശേഷം ദളപതിയെ നായകനാക്കി ഒരു സിനിമ പ്ലാനിലുണ്ടെന്നാണ് മുരുഗദോസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് രാജ്യത്ത് തന്നെ മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍. സ്വന്തമായി കൊടിയുള്ള രാജ്യത്തെ ഏക ഫാന്‍സ് അസോസിയേഷനാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍.

കഴിഞ്ഞ 2 പ്രളയകാലത്തും കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് വിജയ് ഫാന്‍സ് ദുരിതബാധിതര്‍ക്കായി നല്‍കിയിരുന്നത്. സഹായം പണമായല്ല, സാധനങ്ങളായി നേരിട്ട് നല്‍കിയ ആ നടപടി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വിജയ് തന്നെ നേരിട്ടാണ് ഇക്കാര്യത്തില്‍ ഇടപെട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഫാന്‍സ് അസോസിയേഷനുകളെ താരങ്ങളുടെ സിനിമാ പ്രമോഷനുള്ള ഉപകരണമായി മാത്രം കാണുന്നവര്‍ കണ്ണ് തുറന്ന് കാണേണ്ട കാഴ്ചയാണിത്.

എന്തുകൊണ്ടാണ് വിജയ് ഫാന്‍സിന് ഇത്ര വലിയ ആരാധകര്‍ കേരളത്തിലും എന്ന ചോദ്യത്തിനുള്ള മറുപടിയും ഈ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് നല്‍കുന്നത്. പ്രളയകാലത്ത് മാത്രമല്ല, അല്ലാതെയും പാവപ്പെട്ടവരെ സഹായിക്കുന്ന സംഘടനയാണ് വിജയ് ഫാന്‍സ്.

തമിഴകം കഴിഞ്ഞാല്‍ ദളപതിക്ക് ഏറ്റവും അധികം ആരാധകര്‍ ഉള്ള സംസ്ഥാനമാണ് കേരളം. ഇവിടെ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുന്ന സമയങ്ങളില്‍ പോലും വിജയ് സിനിമകള്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശന വിജയം നേടാറുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള മലയാള താരങ്ങളുടെ ആരാധകരില്‍ നല്ലൊരു പങ്കും ദളപതി ആരാധകരാണ് എന്നതാണ് വിജയ് ഫാന്‍സിന്റെ ശക്തി.

ദളപതിയുടെ പിറന്നാള്‍ ദിനത്തില്‍ തമിഴകത്തും കേരളത്തിലും ഉള്‍പ്പെടെ നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് ഫാന്‍സ് അസോസിയേഷന്‍ നടത്താറുള്ളത്. ഇതിന് മാത്രമായി വലിയ തുകയാണ് എല്ലാ വര്‍ഷവും ചിലവഴിച്ച് വരുന്നത്.

മുന്‍പ് നീറ്റ് പ്രവേശന പരീക്ഷ വിഷയത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ പോയി സഹായ ധനം നല്‍കിയ വിജയ് തൂത്തുക്കുടിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും രഹസ്യമായി പോയി സഹായ ധനം നല്‍കിയിരുന്നു. മോട്ടോര്‍ ബൈക്കിന് പിന്നിലിരുന്ന് അര്‍ദ്ധരാത്രിയില്‍ വിജയ് നടത്തിയ ഈ സന്ദര്‍ശനം ബാധിക്കപ്പെട്ട ഒരു വീട്ടിലെ യുവാവ് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. വൈറലായ ഈ വീഡിയോ കണ്ട നിരവധി പ്രമുഖര്‍ പിന്നീട് താരത്തെ പ്രശംസിച്ച് രംഗത്തു വരികയുമുണ്ടായി.

സിനിമയിലെ സസ്‌പെന്‍സ് പോലെ സഹായ കാര്യങ്ങളിലും സസ്‌പെന്‍സ് പിന്തുടരുന്ന വ്യക്തിയാണ് ദളപതി വിജയ്.

Staff Reporter

Top