ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ബീസ്റ്റ്. ചിത്രം അടുത്തയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ഈ അവസരത്തില്‍ തന്റെ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരം. രാഷ്ട്രീയക്കാരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റോ പരിഹസിക്കാന്‍ പാടില്ലെന്ന് ആരാധകരോട് വിജയ് പറയുന്നു. വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഫാന്‍സ് ക്ലബ് അംഗങ്ങള്‍ രാഷ്ട്രീയക്കാരേയോ ഉദ്യോഗസ്ഥരെയോ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍, പോസ്റ്ററുകള്‍ എന്നിവ ഷെയര്‍ ചെയ്യരുത്. വിജയിയുടെ നിര്‍ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബസ്സി ആനന്ദ് വ്യക്തമാക്കി. ഫാന്‍സ് അസോസിയേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
ഫാന്‍സുകാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാരണം മുമ്പ് വിജയ് ചിത്രങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബീസ്റ്റ് റിലീസിനു മുമ്പ് വിജയ് മുന്നറിയിപ്പുമായി എത്തിയത്. ചിത്രം ഏപ്രില്‍ 13ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
അതേസമയം, ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുസ്ലിം ലീഗ് രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട് സംഘടനാ അധ്യക്ഷന്‍ വിഎംഎസ് മുസ്തഫ ആണ് ഇക്കാര്യം അറിയിച്ചത്. റിലീസ് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിന് ലീഗ് കത്തു നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് നിരോധനം ആവശ്യപ്പെട്ട് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ബീസ്റ്റ് പ്രദര്‍ശനത്തിനെത്തിയാല്‍ അസാധാരണ സാഹചര്യത്തിലേക്കു അത് നയിക്കുമെന്നും കത്തില്‍ പറയുന്നു.
വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.