വായ്പ തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ട് ; ആസ്തി സംബന്ധിച്ച രേഖകളുമായി വിജയ് മല്യ

vijay mallya

ബംഗളുരു: ആസ്തി സംബന്ധിച്ച രേഖകളുമായി വിജയ് മല്യ കര്‍ണാടക ഹൈക്കോടതിയില്‍. തന്റെ ഉടമസ്ഥതയിലുള്ള യു.ബി ഗ്രൂപ്പിന് 12,400 കോടിയുടെ ആസ്ഥിയുണ്ടെന്ന തരത്തിലുള്ള രേഖകളാണ് മല്യ കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് ഉപയോഗിച്ച് 6,000 കോടിയുടെ വായ്പയും അതിന്റെ പലിശയും നല്‍കാമെന്നും മല്യ കോടതിയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയില്‍ 13,400 കോടിയായിരുന്നു വിജയ് മല്യയുടെ കമ്പനിയുടെ ആകെ ആസ്ഥിയെന്നും, പിന്നീട് ഇത് 12,400 കോടിയായി കുറയുകയായിരുന്നുവെന്നും, മല്യയുടെ ആകെ കടം 10,000 കോടി കടക്കില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് മല്യയുടെ മുഴുവന്‍ സ്വത്തുക്കളും പിടിച്ചെടുത്തുവെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.

എസ്.ബി.ഐ ഉള്‍പ്പെടുന്ന ഒമ്പത് ബാങ്കുകളുടെ കണ്‍സോഷ്യം മല്യക്ക് അനുവദിച്ച വായ്പ തിരിച്ചടക്കാതെ മല്യ രാജ്യം വിടുകയായിരുന്നു. മല്യയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തി വരികയാണ്.

Top