തെലുങ്കു താരറാണിയും ദേശീയ പുരസ്‌കാര ജേതാവുമായ സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘മഹാനടി’യെ പ്രശംസിച്ച് സാവിത്രിയുടെ മകള്‍ വിജയ ചാമുണ്ഡേശ്വരി. സാവിത്രിയും ഇതിഹാസ നായകന്‍ ജെമിനി ഗണേശനുമായുള്ള നാടകീയമായ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ദുല്‍ഖര്‍ സല്‍മാന്‍ ജെമിനി ഗണേശനെ അവതരിപ്പിക്കുമ്പോള്‍ സാവിത്രിയായി എത്തുന്നത് കീര്‍ത്തി സുരേഷാണ്.
ചിത്രം കണ്ടതിനു ശേഷം ഹൃദയത്തിന്റെ ഭാഷയില്‍ വിജയ കീര്‍ത്തിക്കൊരു സന്ദേശമയച്ചു. ‘ ഇനി എപ്പോള്‍ അമ്മയെ കാണണമെന്ന് തോന്നിയാലും ഞാന്‍ നിന്റെ അടുത്തേക്ക് വരും’. എന്നായിരുന്നു വിജയ സന്ദേശത്തില്‍ പറഞ്ഞത്.
നിറകണ്ണുകളോടെയാണ് വിജയ ചിത്രം കണ്ടിറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഷൂട്ടിങിന്റെ സമയത്ത് കീര്‍ത്തി എന്നോട് ധാരാളം സംസാരിക്കുമായിരുന്നു. അമ്മയുടെ സ്വഭാവവും ചേഷ്ടകളും പ്രത്യേകിച്ച് ഭക്ഷണരീതികളെക്കുറിച്ചുമെല്ലാം കൂടുതലറിയാന്‍ അവരെന്നെ വിളിക്കാറുണ്ട്. എന്റെ അമ്മയെ അവതരിപ്പിക്കാന്‍ കീര്‍ത്തിക്കുള്ളില്‍ പ്രകൃത്യാ കിട്ടിയ അഭിനയ പാടവമുണ്ട്. ഞാന്‍ അവര്‍ക്ക് പത്തിരുപത്തഞ്ച് ടിപ്‌സുകള്‍ പറഞ്ഞു കൊടുത്തിരുന്നു. അതില്‍ പത്തു പന്ത്രണ്ടെണ്ണമാണ് അവര്‍ ഉപയോഗിച്ചത്. അത് അവരില്‍ താനെ വന്നു ചേര്‍ന്നതാണ്’.
ചിത്രീകരണ വേളയിലും കീര്‍ത്തിയെ കാണുമ്പോള്‍ വിജയ വൈകാരികമായി പ്രതികരിക്കാറുണ്ടായിരുന്നെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. നടികര്‍ തിലകം എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്.