ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിജയ താഹില്‍ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് രാജി അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്തുവിട്ടത്. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി വിനീത് കോത്താരിക്ക് ചീഫ് ജസ്റ്റീസിന്റെ താത്കാലിക ചുമതല നല്കി.
സെപ്റ്റംബർ 6-നാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽരമണി രാജി സമർപ്പിച്ചത്. 2020 ഒക്ടോബർ 3 വരെ സർവീസുണ്ടായിരിക്കെയാണ് രാജ്യത്തെ മുതിർന്ന വനിതാ ന്യായാധിപയായ വിജയ താഹിൽ രമണി രാജിവച്ചൊഴിയുന്നത്.
മേഘാലയ ഹൈക്കോടതിയിലേക്ക് കൊളീജിയം സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് താഹില്‍രമണി രാജിവച്ചത്. താഹില്‍ രമണിയുടെ വസതിയിലെത്തി തമിഴ്നാട് നിയമമന്ത്രി സി.വി ഷണ്മുഖം രാജി തീരുമാനം പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ രാജികാര്യത്തില്‍ പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു.
രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളായ താഹില്‍രമണിയെ രാജ്യത്തെ ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയയിലേക്ക് മാറ്റിയത് വലിയ ചര്‍ച്ചയായിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാന്‍ കൊളീജിയം തയാറാകണമെന്നു ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.