തമിഴ്‍നാട്ടിൽ വിജയകാന്തിന്‍റെ ഡിഎംഡികെ എൻഡിഎയ്ക്ക് ഒപ്പം ചേരും

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കൊപ്പം മത്സരിക്കാന്‍ വിജയകാന്തിന്റെ ഡിഎംഡികെ പാര്‍ട്ടിക്കുള്ളില്‍ ധാരണയായതായി സൂചന. എന്‍ഡിഎയുടെ പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തുന്നതിന് മുമ്പേ സീറ്റ് വിഭജനത്തില്‍ ധാരണയിലെത്താനാണ് നിര്‍ദേശം.

കയ്യിലുള്ള സീറ്റുകള്‍ വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചതോടെയാണ് ഡിഎംകെയുമായുള്ള ഡിഎംഡികെയുടെ സഖ്യചര്‍ച്ച അവസാനിച്ചത്.

ഏഴ് സീറ്റുകളാണ് ഡിഎംകെ സഖ്യത്തോട് വിജയകാന്ത് ആവശ്യപ്പെട്ടിരുന്നത്. രണ്ട് സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് ഡിഎംകെ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല..

ഒരു രാജ്യസഭാ സീറ്റ് കൂടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാന്‍ അണ്ണാഡിഎംകെയും സമ്മതിച്ചില്ല. രണ്ട് മുന്നണിയിലും ഭാഗമാകാതെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള കരുത്ത് ഇന്ന് ഡിഎംഡികെയ്ക്ക് ഇല്ല. ചൊവ്വാഴ്ച്ച പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തുന്ന അവസാനവട്ട ചര്‍ച്ചയ്ക്ക് ശേഷം അധ്യക്ഷന്‍ വിജയകാന്ത് സഖ്യപ്രഖ്യാപനം നടത്തും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ ഭാഗമായിരുന്ന പുതിയ തമിഴകം പാര്‍ട്ടി അണ്ണാഡിഎംകെ സഖ്യത്തിനൊപ്പം സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Top