ചെന്നൈ : തമിഴ് സിനിമയിൽ സാധാരണക്കാരുടെ ശബ്ദമായിരുന്ന ‘കറുപ്പ് എംജിആർ’ വിജയകാന്തിന് (71) വികാരനിർഭരമായ യാത്രയയപ്പ് നൽകി തമിഴ് മക്കൾ. ഡിഎംഡികെ സ്ഥാപക നേതാവും തമിഴ്നാട് മുൻ പ്രതിപക്ഷ നേതാവുമായ വിജയകാന്തിന്റെ മൃതദേഹം കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് സംസ്കരിച്ചു. വൈകിട്ട് ഏഴു മണിയോടെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ചെന്നൈ പോരൂരിലെ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയായിരുന്നു വിജയകാന്തിന്റെ അന്ത്യം.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ ഐലൻഡ് മൈതാനത്ത് എത്തി പുഷ്പചക്രം അർപ്പിച്ചു. നടൻമാരായ രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.
#WATCH | Chennai, Tamil Nadu: A large number of people gathered to pay tribute to DMDK President and Actor Vijayakanth. His mortal remains are being taken from Island ground, Anna Salai to Koyambedu DMDK office for the last rites. pic.twitter.com/cbSweIhY7z
— ANI (@ANI) December 29, 2023
ബീച്ചിലെ ഐലൻഡ് ഗ്രൗണ്ടിൽ 10 മണിക്കൂറോളം നീണ്ട പൊതുദർശനത്തിനു ശേഷം വിലാപയാത്രയയാണ് മൃതദേഹം പാർട്ടി ആസ്ഥാനത്ത് എത്തിച്ചത്. ചെന്നൈ നഗരത്തിലൂടെയുള്ള വിലാപയാത്രയിൽ ക്യാപ്റ്റന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് വഴിയരികിൽ ഉൾപ്പെടെ കാത്തുനിന്നത്. അടുത്ത ബന്ധുക്കൾക്കും പാർട്ടി നേതാക്കൾക്കും സിനിമാ -രാഷ്ട്രീയ മേഖലയിലെ പ്രമുഖർക്കും മാത്രമാണ് സംസ്കാര ചടങ്ങിൽ പ്രവേശനം അനുവദിച്ചത്.