ചെന്നൈ: തമിഴകത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.ഡി.കെ നേതാവ് വിജയകാന്ത് ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. എം.ഡി.എം.കെ നേതാവ് വൈകോയും ഇടതുപാര്‍ട്ടികളും നേതൃത്വം നല്‍കുന്ന ജനക്ഷേമ മുന്നണിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് വിജയകാന്ത് പ്രഖ്യാപിച്ചു.
കരുണാനിധിയുടെ ഡി.എം.കെയും ബി.ജെ.പിയും കിണഞ്ഞു പരിശ്രമിച്ചിട്ടും പിടികൊടുക്കാതെയാണ് വിജയകാന്ത് ജനക്ഷേമ മുന്നണിയുടെ ഭാഗമാകുന്നത്. സംസ്ഥാനത്തെ മൊത്തം 234 നിയമസഭ മണ്ഡലങ്ങളില്‍ 124 സീറ്റുകളില്‍ ഡി.എം.ഡി.കെ മത്സരിക്കും.
തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയകാന്ത് നേരത്തെ പ്രഖ്യാപിച്ചെങ്കിലും പിന്നീട് നടത്തിയ ചര്‍ച്ചയില്‍ ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നറിഞ്ഞ് തീരുമാനം മാറ്റുകയായിരുന്നു. സഖ്യത്തിനായി ഡി.എം.കെ പല തവണ സമീപിച്ചെങ്കിലും ഭരണത്തിലും പങ്കാളിത്തം വേണമെന്ന വിജയകാന്തിന്റെ ആവശ്യം ഡി.എം.കെ അംഗീകരിക്കാത്തതിനാലാണ് വിജയകാന്ത് ചുവട്മാറ്റിയത്.
സ്വന്തം പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സഖ്യചര്‍ച്ചകള്‍ക്കായി ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ ഇന്ന് ചെന്നൈയില്‍ എത്താനിരിക്കെയാണ് ക്യാപ്റ്റന്റെ പ്രഖ്യാപനം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഭാഗമായി ഡി.എം.ഡി.കെ മത്സരിച്ചെങ്കിലും ഒരു സീറ്റുപോലും നേടാനായില്ല.
വൈകോയുടെ എം.ഡി.എം.കെ, സി.പി.എം, സി.പി.ഐ, വി.സി.കെ തുടങ്ങിയവയാണ് ജനക്ഷേമ മുന്നണിയിലുള്ളത്. വിജയകാന്തിന്റെ തീരുമാനം തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ പുതിയൊരു പോരാട്ടത്തിനാണ് തുടക്കമിടുന്നത്. അണ്ണാ ഡിഎംകെ, ഡിഎംകെ പാര്‍ട്ടികളുടെ ശക്തമായ സ്വാധീനം ഇല്ലാതാക്കാന്‍ പുതിയ മുന്നണിക്ക് കഴിയുമോയെന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.