വിജയന്‍ ചെറുകര പുറത്ത്‌ ; കെ. രാജന്‍ എം എല്‍ എയ്ക്ക് പകരം ചുമതല

cpi

വയനാട്: വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ച വയനാട് സി പി ഐ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകരയെ പാര്‍ട്ടി പുറത്താക്കി. ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്.

മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. കെ. രാജന്‍ എം എല്‍ എയ്ക്കാണ് പകരം ചുമതല.

സ്ഥാനം ഒഴിയാന്‍ താന്‍ തയ്യാറാണെന്നും,പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കാന്‍ താനില്ലെന്നും വിജയന്‍ ചെറുകര ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചിരുന്നു.

ഭൂമാഫിയയെ സഹായിച്ച വര്‍ക്കെതിരേ ഉചിതമായ നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. സംഭവത്തില്‍ സിപിഐ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്, കുറ്റക്കാരെ സി പി ഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും കാനം പറഞ്ഞിരുന്നു.

സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്കു ഭൂമിയിടപാടില്‍ നേരിട്ടു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും കഴിഞ്ഞ ദിവസം ഒരു സ്വകാര്യചാനല്‍ പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top