തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനും തടയാനും പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. അക്രമോത്സുകമായ ബിജെപി ശൈലിയിലേക്ക് കോണ്‍ഗ്രസും മാറുന്നു. ജോജുവിനെ ആക്രമിച്ച ശേഷം ജോജു മാപ്പ് പറയണം എന്ന സ്ഥിതിയായി. എംഎഫ് ഹുസൈനെതിരെ ബിജെപി എടുത്ത ശൈലി കോണ്‍ഗ്രസുകാര്‍ നടത്തുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിക്ക് കേരളത്തിലെ കോണ്‍ഗ്രസ് ശിഷ്യപ്പെടുന്നുവെന്ന് പറഞ്ഞ അദ്ദേഹം വികസനത്തെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രനയത്തിനെതിരെ എല്‍ഡിഎഫ് സമരത്തിലേക്ക് പോവുകയാണെന്ന് പ്രഖ്യാപിച്ചു. കേരളത്തിലെ ജനങ്ങള്‍ നല്ല ഹിതപരിശോധന നടത്തിയാണ് എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചത്. ഈ മാസം 16 ന് സിപിഎം 21 കേന്ദ്രങ്ങളില്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കും.
ഇന്ധന വിലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കേരളത്തില്‍ നടത്തുന്ന സമരത്തെ പരിഹാസത്തോടെയാണ് വിജയരാഘവന്‍ നേരിട്ടത്. പ്രതിപക്ഷ എംഎല്‍എമാര്‍ സ്ഥിരം സൈക്കളിലാണോ യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. പെട്രോളിനും ഡീസലിനും കേന്ദ്രം വര്‍ദ്ധിപ്പിച്ച മുഴുവന്‍ തുകയും കുറയ്ക്കണം. നരേന്ദ്ര മോദിയെ സംരക്ഷിക്കുന്നതാണ് കോണ്‍ഗ്രസ് നിലപാട്. പിണറായി സര്‍ക്കാര്‍ ജനത്തിന് മുകളില്‍ ഒരു നികുതിയും വര്‍ധിപ്പിച്ചിട്ടില്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സര്‍ക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.