മധുര ; വിജയിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിൽക്കുന്നതിനിടെ വിജയ് ഫാൻസ് സംഘടനയായ വിജയ് മക്കൾ ഇയക്കം യോഗം ചേർന്നു. മധുരയിലാണ് യോഗം ചേർന്നത്. പാലംഗനാഥത്തെ ഒരു സിനിമാ തീയേറ്ററില്‍ നടന്ന യോഗത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടെന്നാണ് ആരാധകരുടെ തീരുമാനം. തങ്ങളുടെ പ്രിയതാരത്തിന്‍റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്ന ഏതൊരു പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാനും യോഗത്തിൽ തീരുമാനമെടുത്തു.
പുതിയ വിവാദത്തെത്തുടര്‍ന്ന് ഉയര്‍ന്നുവരുന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണമെന്നും വിജയ്‍ക്കൊപ്പമാണ് തങ്ങള്‍ എന്നത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും യോഗം തീരുമാനിച്ചു. വിജയ് മക്കള്‍ ഇയക്കം മധുര നോര്‍ത്ത് പ്രസിഡന്‍റ് വിജയ് അന്‍പന്‍ കല്ലനൈയുടെ അധ്യക്ഷതയിലായിരുന്നു യോഗം. വിജയിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സംഘടന, അതുകൊണ്ട് അദ്ദേഹം പറയുന്നതുപോലെയേ നമ്മള്‍ പ്രവര്‍ത്തിക്കൂ എന്നും യോഗാധ്യക്ഷന്‍ പറഞ്ഞു. വിജയ് മക്കള്‍ ഇയക്കത്തിന്‍റെ എല്ലാ ജില്ലാ ഘടകങ്ങളിലേക്കും യോഗതീരുമാനം എത്തിക്കാനും അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.