മുഖ്യമന്ത്രിയാകാനുള്ള സാധ്യത തള്ളാതെ വിജയ്, ഞെട്ടിയത് തമിഴക നേതാക്കള്‍ !

ചെന്നെ: തമിഴകത്തെ രാഷ്ട്രീയ നേതാക്കളുടെയും സൂപ്പര്‍ താരങ്ങളുടെയും മനസ്സില്‍ തീ കോരിയിട്ട് ദളപതി വിജയ്, ഏറ്റവും പുതിയ ചിത്രമായ ‘സര്‍ക്കാറിന്റെ ഓഡിയോ റിലീസിനോടനുബന്ധിച്ച് നടന്ന വന്‍ പരിപാടിയിലാണ് തന്റെ രാഷ്ട്രീയ മോഹം വിജയ് തുറന്നു പറഞ്ഞത്.

‘തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രചരണം നടത്തി വിജയിച്ചാണ് സാധാരണ സര്‍ക്കാര്‍ ഉണ്ടാക്കുന്നതെങ്കില്‍ ഞങ്ങള്‍ ‘സര്‍ക്കാര്‍’ ഉണ്ടാക്കിയിട്ടാണ് തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ പോകുന്നതെന്ന് വിജയ് പറഞ്ഞു. വന്‍ കരഘോഷം ഉയര്‍ന്നപ്പോള്‍ സിനിമയെ കുറിച്ചാണ് പറഞ്ഞതെന്ന് ചെറു ചിരിയോടെ പറഞ്ഞ വിജയ് ഇഷ്ടപ്പെട്ടാല്‍ ‘സിനിമക്ക്’ വോട്ട് ചെയ്യുവാന്‍ ആരാധകരെ ആഹ്വാനവും ചെയ്തു.

പൊളിറ്റിക്കല്‍ ത്രില്ലറായ ‘സര്‍ക്കാര്‍’ സിനിമ ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കമാകുമെന്ന അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളും. സര്‍ക്കാര്‍ സിനിമയില്‍ മുഖ്യമന്ത്രിയായി അഭിനയിച്ചോ എന്ന അവതാരകന്‍ പ്രസന്നയുടെ ചോദ്യത്തിന് ഇല്ല എന്ന മറുപടി പറഞ്ഞ വിജയ് യോട് ജീവിതത്തില്‍ മുഖ്യമന്ത്രിയായാല്‍ എന്തു ചെയ്യുമെന്ന് വീണ്ടും ചോദിച്ചപ്പോള്‍ ഒരു നിമിഷത്തെ മൗനത്തിനു ശേഷം മുഖ്യമന്ത്രിയായാല്‍ മുഖ്യമന്ത്രിയായി ‘അഭിനയിക്കില്ലന്ന് ‘ താരം തുറന്നടിച്ചു.ഇതോടെ സദസ്സ് ഇളകി മറിഞ്ഞു.

മുഖ്യമന്ത്രിയായാല്‍ അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ വിജയ് ഇപ്പോള്‍ സര്‍വ്വവും അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണെന്നും ആരോപിച്ചു. മരണ സര്‍ട്ടിഫിക്കറ്റിനും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിനും വരെ പണം വാങ്ങുന്നു. മുകളില്‍ ഉള്ളവര്‍ കൈക്കൂലി വാങ്ങുന്നതു കൊണ്ടാണ് താഴെ ഉള്ളവര്‍ വാങ്ങുന്നത്. അവര്‍ നന്നായാല്‍ താഴെ ഉള്ളവരും ശരിയാവും. തമിഴക ഭരണകൂടത്തെ പരോക്ഷമായി വിമര്‍ശിച്ച് വിജയ് തുറന്നടിച്ചു.

sarkar

നല്ല നേതാവ് ഉണ്ടായാല്‍ ഏത് പാര്‍ട്ടിയും നന്നാവും. ഗാന്ധിജി ഉണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസ്സ് നല്ല പാര്‍ട്ടിയായിരുന്നു. നേതാവ് മോശമായാല്‍ അതോടെ കഴിഞ്ഞു കഥ. എന്തൊക്കെ സംഭവിച്ചാലും ലേറ്റായാലും ധര്‍മ്മവും ന്യായവും ആണ് ഒടുവില്‍ വിജയിക്കുക. അതിനു വേണ്ടി ജനങ്ങള്‍ ഒത്തു ചേരും. അപ്പോള്‍ വരും ഒരുത്തന്‍ . . അടിപെട്ട് വേദനിച്ച ഹൃദയത്തോടെ, അവനാണ് നേതാവാകുക. അവന്റെ കീഴില്‍ നടക്കും ഒരു സര്‍ക്കാര്‍ . . വിജയ് പറഞ്ഞു.

ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നതായിരുന്നു ഈ വാക്കുകള്‍. ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ആരാധകര്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങാന്‍ പോവുകയാണെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്ത പരിപാടി ഏറ്റവും വലിയ ഓഡിയോ ലോഞ്ചുകൂടിയായി ചരിത്രം കുറിച്ചു.

‘ആളപോറേന്‍ തമിഴന്‍’ തമിഴര്‍ക്ക് അടയാളമാണെങ്കില്‍ ‘ഒരു വിരല്‍ പുരട്ചി’ ഒട്ടുമിക്ക തമിഴരുടെയും അടയാളമാണെന്ന് സര്‍ക്കാറിലെ ഗാനത്തെ പരാമര്‍ശിച്ച് വിജയ് പറഞ്ഞു. ഈ സിനിമക്ക് എ.ആര്‍ റഹ്മാനെ ലഭിച്ചത് ‘ സര്‍ക്കാറിന്’ ഓസ്‌കര്‍ ലഭിച്ച പോലെയാണ്. വിജയത്തിനു വേണ്ടി എത്ര വേണമെങ്കിലും കഷ്ടപ്പെടാം എന്നാല്‍ വിജയം ലഭിക്കാതിരിക്കാന്‍ വേണ്ടി ഇപ്പോഴേ ഒരു കൂട്ടം ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അത്തരക്കാര്‍ ജീവിതമെന്ന ഗെയിം ഓര്‍ത്ത് വിളയാടുന്നതാണ് നല്ലതാണെന്നും വിജയ് മുന്നറിയിപ്പു നല്‍കി. സിനിമക്കെതിരായ പ്രചരണങ്ങളും നീക്കങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമര്‍ശം.

ജയലളിതയുടെയും കരുണാനിധിയുടെയും വേര്‍പാടോടെ ശൂന്യമായ തമിഴക രാഷ്ട്രീയത്തില്‍ സൂപ്പര്‍ താരങ്ങളായ രജനിയും കമല്‍ ഹാസനും സ്വന്തം ഇടം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കി വിജയ് പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്.

തമിഴകത്തെ ഭരണ പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച പ്രതികരണം സണ്‍ ടി.വി ലൈവായാണ് സംപ്രേക്ഷണം ചെയ്തത്. ലക്ഷക്കണക്കിന് ആരാധകര്‍ ഓരോ ജില്ലയിലും ദളപതിക്കുണ്ട് എന്നതാണ് രാഷ്ട്രീയ നേതാക്കളുടെ ഉറക്കം കെടുത്തുന്നത്. വിജയ് ഇപ്പോള്‍ രാഷ്ട്രിയത്തില്‍ ഇറങ്ങുമോ ? ഇല്ലങ്കില്‍ ആരെ പിന്തുണയ്ക്കും ? ഈ ചോദ്യങ്ങള്‍ക്കാണ് ഇപ്പോള്‍ തമിഴകം ഉത്തരം തേടുന്നത്.

Top