തമിഴകത്ത് വിജയ് എടുക്കുന്ന നിലപാട് നിർണ്ണായകം, രജനിക്കും ആശങ്ക

മിഴകത്ത് ദളപതി വിജയ്‌യെ പേടിച്ച് സാക്ഷാല്‍ രജനീകാന്തും. രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനം സൂപ്പര്‍സ്റ്റാര്‍ നീട്ടിവച്ചത് ദളപതിയുടെ നിലപാട് കൂടി അറിയുന്നതിനു വേണ്ടിയാണെന്നാണ് ലഭിക്കുന്ന വിവരം. രജനിയുടെ പിന്‍മാറ്റത്തില്‍ അമ്പരന്ന ബി.ജെ.പി, ആര്‍.എസ്.എസ് സൈതാദ്ധികന്‍ ഗുരുമൂര്‍ത്തിയെയാണ് അനുനയിപ്പിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. രജനിയുമായി രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയ ഗുരുമൂര്‍ത്തിയോടും തന്റെ ആശങ്ക രജനി വെളിപ്പെടുത്തിയിട്ടുണ്ട്. ഡി.എം.കെ സഖ്യത്തെ പേടിയില്ലെന്നും വിജയ്‌യുടെ നിലപാടിനായാണ് താന്‍ കാത്തിരിക്കുന്നതെന്നുമാണ് രജനി വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് വിജയ്. സ്ത്രീ വോട്ടര്‍മാരെ ഉള്‍പ്പെടെ സ്വാധീനിക്കാനുള്ള ശേഷിയും അദ്ദേഹത്തിനുണ്ട്. ഇതു തന്നെയാണ് രജനിയെയും അസ്വസ്ഥപ്പെടുത്തുന്നത്. രജനിയുടെ ആരാധകരേക്കാള്‍ യുവാക്കള്‍ക്കിടയില്‍ വ്യക്തമായ മേധാവിത്വവും ദളപതിക്കുണ്ട്. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന ആവശ്യവും തമിഴകത്തിപ്പോള്‍ ശക്തമാണ്. ഇക്കാര്യത്തില്‍ അനുകൂലമായാണ് അദ്ദേഹത്തിന്റെ പിതാവ് എസ്.എ ചന്ദ്രശേഖറും പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ എപ്പോള്‍ വിജയ് ഇറങ്ങുമെന്ന കാര്യത്തില്‍ ചന്ദ്രശേഖറും നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഇത്തവണ തിരഞ്ഞെടുപ്പില്‍ ഇറങ്ങിയില്ലെങ്കില്‍ വിജയ് ആര്‍ക്ക് പിന്തുണ നല്‍കുമെന്ന കാര്യവും ഏറെ പ്രസക്തമാണ്. ഒരിക്കലും ബി.ജെ.പി മുന്നണിയെ പിന്തുണയ്ക്കില്ലന്നതാണ് വിജയ്‌യുടെ നിലപാട്. ഇതും രജനിയെ സംബന്ധിച്ച് തിരിച്ചടിയാണ്. രജനിയുടെ നേത്യത്വത്തില്‍ ഒരു മുന്നണി എന്ന ബി.ജെ.പി പ്രതീക്ഷയാണ് ഇതോടെ ത്രിശങ്കുവിലായിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങാതിരിക്കാന്‍ ഡി.എം.കെയും വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ദളപതിയുടെ പിന്തുണ നേടാന്‍ പറ്റുമോ എന്നാണിപ്പോള്‍ ഡി.എം.കെ ക്യാംപും ശ്രമിക്കുന്നത്. നടന്‍ കമല്‍ ഹാസനും വിജയ്‌യുടെ പിന്തുണ ഏറെ ആഗ്രഹിക്കുന്നുണ്ട്. ഇതോടെ തമിഴകത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിജയ് എന്ന ഒറ്റ ‘കേന്ദ്ര ബിന്ദുവിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

വിജയ്‌യുടെ നിലപാടുകള്‍ അത് എന്ത് തന്നെ ആയാലും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നതിന്റെ സാക്ഷ്യപത്രമാണിത്. 39 ലോകസഭ സീറ്റുകളുള്ള തമിഴകം ബി.ജെ.പിയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ സംസ്ഥാനമാണ്. ജയലളിതയുടെ കാലം തൊട്ട് പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ലമെന്റില്‍ അണ്ണാ ഡി.എം.കെ സഹായിച്ചിരുന്നതും ബി.ജെ.പിയെയാണ്. ഇപ്പോഴും രാജ്യസഭയില്‍ ഈ സഹായം അണ്ണാ ഡി.എം.കെ തുടരുന്നുമുണ്ട്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെക്ക് ഏറ്റ തിരിച്ചടി ബി.ജെ.പിക്ക് ഏറ്റ തിരിച്ചടി കൂടിയാണ്. ഒറ്റ സീറ്റിലാണ് അണ്ണാ ഡി.എം.കെ ഒതുങ്ങി പോയിരുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി തന്നെയാണ് അണ്ണാ ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഭരണവിരുദ്ധ വികാരവും ജയലളിതയുടെ അഭാവവുമാണ് അണ്ണാ ഡി.എം.കെ നേരിടുന്ന പ്രധാന വെല്ലുവിളി.

ബി.ജെ.പിയുമായി അവര്‍ ധാരണയുണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചാല്‍ അത് നേട്ടമാകുമെന്നാണ് അണ്ണാ ഡി.എം.കെ കണക്ക് കൂട്ടുന്നത്. കമല്‍ ഹാസന്റെ മക്കള്‍ നീതിമയ്യത്തിന്റെ സാന്നിധ്യത്തിലും ഭരണപക്ഷമാണ് നേട്ടം പ്രതീക്ഷിക്കുന്നത്. അതേസമയം തമിഴ്‌നാട്ടില്‍ ഏത് വിധേയനേയും ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ ബി.ജെ.പി. അമിത് ഷായുടെ ബുദ്ധിയില്‍ തെളിഞ്ഞതാണ് സംഘപരിവാര്‍ ഈ ദ്രാവിഡമണ്ണിലിപ്പോള്‍ പയറ്റാന്‍ ശ്രമിക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന തമിഴ് ജനതയുടെ ആരാധനാമൂര്‍ത്തിയായ വേല്‍മുരുകനാണ് കാവിപ്പടയുടെ ആയുധം. സംസ്ഥാന വ്യാപകമായി ‘വേല്‍’ യാത്ര നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞു.

പൊലീസിന്റെ അനുമതി ലഭിക്കുന്നതോടെ പര്യടനവും ആരംഭിക്കും. അദ്വാനിയുടെ രഥയാത്ര മോഡല്‍ ഒരു യാത്രയാണ് സംഘപരിവാര്‍ ‘പ്ലാന്‍’ ചെയ്തിരിക്കുന്നത്. നവംബര്‍ 6ന് തുടങ്ങി ഡിസംബര്‍ 6ന് സമാപിക്കുന്ന തരത്തിലാണ് ‘വേല്‍യാത്ര’ ക്രമീകരിച്ചിരിക്കുന്നത്. സമാപന സമ്മേളനത്തില്‍ രജനീകാന്തിനെ പങ്കെടുപ്പിക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഈ യാത്രക്കെതിരെ ശക്തമായാണ് സി.പി.എം രംഗത്ത് വന്നിരിക്കുന്നത്. അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സി.പി.എം തമിഴ്‌നാട് ഘടകവും വി.സി.കെയും നല്‍കിയ പരാതിയെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ യാത്ര നടത്താനുള്ള അനുമതി പൊലീസ് നിഷേധിച്ചിട്ടുണ്ട്.

എന്നാല്‍, ബി.ജെ.പി ദേശീയ നേതൃത്വത്തെ കൊണ്ട് ഇടപെടുവിച്ച് യാത്ര നിരോധനം നീക്കാനാണ് ബി.ജെ.പി ഇടപെടല്‍ നടത്തി വരുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വേല്‍യാത്രക്ക് നിരോധനം സി.പി.എം ആവശ്യപ്പെട്ടിരിക്കുന്നത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനാണ് നിര്‍ദ്ദിഷ്ട യാത്രയെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി തുറന്നടിച്ചിരിക്കുന്നത്. കൃത്രിമമായി വര്‍ഗീയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ബി.ജെ.പിയുടെ ഏക ലക്ഷ്യമെന്നും മുന്‍കാലങ്ങളില്‍ നടത്തിയ സമാനമായ റാലികള്‍ ഇത് തെളിയിച്ചിട്ടുണ്ടെന്നുമാണ് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നത്.

വേല്‍ യാത്ര അക്രമത്തെ പ്രേരിപ്പിക്കുക മാത്രമല്ല കൊവിഡിന്റെ വ്യാപനത്തിന് കാരണമാവുമെന്ന മുന്നറിയിപ്പും സി.പി.എം നല്‍കിയിട്ടുണ്ട്. ബാബ്രി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികമായ ഡിസംബര്‍ 6ന് തന്നെ വേല്‍യാത്ര അവസാനിപ്പിക്കാനുള്ള ബി.ജെ.പി പദ്ധതി തുറന്ന് കാട്ടി വ്യാപകമായ ക്യാംപയിനാണ് സി.പി.എം ആരംഭിച്ചിരിക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാറിനെയും വെട്ടിലാക്കിയിട്ടുണ്ട്.

Top