തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കെ, അധികാരദുര്‍വിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് ശിവകുമാറിനെതിയുള്ള പരാതി. കേസില്‍ ശിവകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍.എസ്. ഹരികുമാര്‍ എന്നിവരും പ്രതികളാണ്.
മന്ത്രിയായിരുന്നപ്പോള്‍ ശിവകുമാര്‍ തിരുവനന്തപുരത്തും മറ്റും അനധികൃതമായി ധാരാളം സ്വത്ത് സമ്പാദിച്ചുവെന്ന ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. അതേസമയം കേസില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും രാഷ്ട്രീയപ്രേരിതമാണെന്നും ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.