ഗാസിയാബാദ്: ഗാസിയാബാദില്‍ അക്രമി സംഘത്തിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി മരണപ്പെട്ടു. വിക്രം ജോഷിയെ ആക്രമിച്ച സംഭവത്തില്‍ ഇതുവരെ ഒന്‍പത് പേരെയാണ് യുപി പൊലീസ് പിടികൂടിയത്. എന്നാല്‍ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് രാജ്യത്തെയാകെ നടുക്കിയ സംഭവമുണ്ടായത്. പെണ്‍മക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു വിക്രം ജോഷി. ഇതിനിടെ കാറിലെത്തിയ സംഘം ഇവരെ തടയുകയും തുടര്‍ന്ന് വാഹനം മറിച്ചിട്ട ശേഷം വിക്രമിനെ മര്‍ദ്ദിക്കുകയും തലയ്ക്ക് വെടിവയ്ക്കപകയുമായിരുന്നു.
നടുറോഡില്‍ മറ്റുള്ളവര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. പരിക്കേറ്റു കിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ പെണ്‍കുട്ടികള്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. തന്റെ ബന്ധുവായ പെണ്‍കുട്ടിയെ അപമാനിച്ച പ്രതികള്‍ക്കെതിരെ വിക്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പരാതി ലഭിച്ചിട്ടും പൊലീസ് കേസ് എടുത്തിരുന്നില്ല. ആക്രമണത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിന് രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു.