ബെംഗളൂരു: ചന്ദ്രോപരിതലത്തില്‍ നിന്ന് പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ വിക്രം ലാന്‍ഡറിന്റെ ത്രീഡി ചിത്രം പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. പ്രഗ്യാന്‍ റോവറിലെ നാവിഗേഷനല്‍ ക്യാമറയില്‍ പകര്‍ത്തിയ രണ്ടു ചിത്രങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് ചന്ദ്രോപരിതലത്തിന്റെയും വിക്രം ലാന്‍ഡറിന്റെയും മനോഹരമായ ത്രീഡി ചിത്രം തയ്യാറാക്കിയത്. ഇടത് ഭാഗത്തുനിന്നും വലതുഭാഗത്തുനിന്നുമുള്ള ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ത്രീഡി ചിത്രം ഒരുക്കിയതെന്ന് ഐ.എസ്.ആര്‍.ഒ എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു.
Chandrayaan-3 Mission:
Anaglyph is a simple visualization of the object or terrain in three dimensions from stereo or multi-view images.
The Anaglyph presented here is created using NavCam Stereo Images, which consist of both a left and right image captured onboard the Pragyan… pic.twitter.com/T8ksnvrovA
— ISRO (@isro) September 5, 2023
ഐഎസ്ആര്‍ഒ തന്നെ വികസിപ്പിച്ചതാണ് പ്രഗ്യാന്‍ റോവറിലെ നാവിഗേഷനല്‍ ക്യാമറ. ഐഎസ്ആര്‍ഒയുടെ ഇലക്ട്രോ-ഒപ്റ്റിക്‌സ് സിസ്റ്റം ലബോറട്ടറിയാണ് നാവിഗേഷനല്‍ ക്യാമറ നിര്‍മിച്ചത്. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററാണ് ചിത്രങ്ങളെ ത്രീ ഡി രൂപത്തിലേക്ക് മാറ്റിയെടുത്തത്. ത്രീ ഡി കണ്ണടകള്‍ ഉപയോഗിച്ചുകൊണ്ട് ചിത്രം നോക്കണമെന്നും ഐ.എസ്.ആര്‍.ഐ എക്‌സ് പ്ലാറ്റ്‌ഫോമിലിട്ട കുറിപ്പില്‍ അഭിപ്രായപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തില്‍നിന്നും വിക്രം ലാന്‍ഡര്‍ 40 സെന്റീ മീറ്റര്‍ പറന്ന് പൊങ്ങിയശേഷം വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്ത് ചരിത്രം കുറിച്ചിരുന്നു. ഭാവി ദൗത്യങ്ങളില്‍ നിര്‍ണായകമായ സാങ്കേതികവിദ്യയാണ് ഐഎസ്ആര്‍ഒ വിജയകരമായി ചെയ്ത് കാണിച്ചത്.
റോവറിനെ ഇറക്കാനായി തുറന്ന വാതിലും, ചാസ്റ്റേയും ഇല്‍സയും അടക്കമുള്ള പേ ലോഡുകളും മടക്കി വച്ച ശേഷമായിരുന്നു ഈ പറക്കല്‍. സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് ഇസ്രൊ ഈ നിര്‍ണായ പരീക്ഷണം നടത്തിയത്. ലാന്‍ഡ് ചെയ്ത പേടകത്തെ വീണ്ടും ഉയര്‍ത്തി സോഫ്റ്റ് ലാന്‍ഡ് ചെയ്ത ആദ്യ രാജ്യം അമേരിക്കയാണ്. ഈ പരീക്ഷണത്തിലൂടെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാം രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു.