തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രത്തില്‍ നായികയായി അക്ഷരഹാസന്‍. കമലഹാസന്‍ നായകനായ തൂങ്കാവനത്തിന് ശേഷം രാജേഷ് എം. സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇമോഷണല്‍ ത്രില്ലര്‍ ആണെന്നും ഷൂട്ടിംഗ് ജൂലായില്‍ തുടങ്ങുമെന്നും അറിയിച്ചു. കമലഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
അക്ഷര നായികയായി അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് പേരിടാത്ത ഈ സിനിമ. നേരത്തെ അജിത് നായകനായ വിവേഗത്തില്‍ അതിഥിതാരമായി അക്ഷര അഭിനയിച്ചിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ഷമിതാഭിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരമാണ് വിക്രമിന്റെ അടുത്ത റിലീസ് ചിത്രം.