ഒരു സിനിമ ചിലപ്പോൾ അഭിനേതാവിന് അത്രയും കാലം ലഭിക്കാതിരുന്ന പരിഗണന നേടികൊടുക്കാറുണ്ട്. അത്തരത്തിൽ വിജയ് സേതുപതിയ്ക്കുമുണ്ട് ഒരു ചിത്രം.
‘വിക്രം വേദ’ എന്ന ചിത്രം എനിക്ക് ജീവിതത്തിൽ നേടിത്തന്നത് സ്നേഹവും ബഹുമാനവുമെന്ന് തമിഴ് സൂപ്പർ താരം വിജയ് സേതുപതി വ്യക്തമാക്കി.
മാധവനും വിജയ് സേതുപതിയും മാസ്മരിക അഭിനയം കാഴ്ചവെച്ച വിക്രം വേദയുടെ 100 ദിവസത്തെ മികച്ച വിജയം ആഘോഷിക്കാനായി ചെന്നൈയിൽ നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിജയ്.
സിനിമയുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയെയും ചടങ്ങിൽ ആദരിച്ചു.
തന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവ് നൽകിയ ചിത്രമാണ് വിക്രം വേദ എന്നും , നൂറാം ദിനം ആഘോഷിക്കുന്ന എന്റെ മറ്റൊരു സിനിമയാണ് ധർമ്മ ദുറായ് എന്നാൽ എന്റെ കരിയറിനെ മറ്റൊരു തലത്തിൽ എത്തിച്ചത് വിക്രം വേദ എന്ന ഈ ചിത്രമാണെന്നും വിജയ് സേതുപതി പറഞ്ഞു.
വിക്രം വേദ എനിക്ക് നേടിത്തന്നത് സ്നേഹവും ബഹുമാനവുമാണ് അതിന് നന്ദി പറയേണ്ടത് പുഷ്കർ, ഗായത്രി എന്നി സംവിധായകരോടാണ് എന്നും , ആരെങ്കിലും എന്റെ ജീവചരിത്രം എഴുതാൻ തീരുമാനിച്ചാൽ, ആ പുസ്തകത്തിൽ ഈ സിനിമയ്ക്ക് പ്രത്യേക സ്ഥാനം നൽകുമെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.
എൻകൗണ്ടർ ഓഫീസറുടെയും,ഗുണ്ടാത്തലവന്റെയും കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനായി റാണാ ദാഗുബത്തിയും വെങ്കടേഷും രംഗത്തെത്തിയിട്ടുണ്ട്.
വിജയ് സേതുപതി എന്ന നടന്റെ അഭിനയ മികവ് പ്രേക്ഷകർ തിരിച്ചറിഞ്ഞ ചിത്രമാണ് വിക്രം വേദ. മാധവനും വിജയും ഒന്നിച്ചപ്പോൾ പ്രേക്ഷകർ ചിത്രത്തിന് വൻ സ്വീകരണമാണ് നൽകിയത്.
കൂടാതെ ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമകളിൽ തമിഴ് പതിപ്പുകൾ തിരഞ്ഞെടുത്തപ്പോൾ വിക്രം വേദയും തിരഞ്ഞടുക്കപ്പെട്ടിരുന്നു.