ഇന്ത്യന്‍ നാഷണല്‍ ലീഗിനെ കാല്‍നൂറ്റാണ്ടുകാലം എ.കെ.ജി സെന്ററിന്റെ വരാന്തയില്‍ നിര്‍ത്തിയ പാര്‍ട്ടിയാണ് സി.പി.എം. മുന്നണിയിലില്ലാതെ തിരഞ്ഞെടുപ്പ് സഹകരണം മാത്രമാണ് ആ പാര്‍ട്ടിയുമായി അത്രയും കാലം ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. എന്തിനായിരുന്നു ഇത്രയും കാലം ഐ.എന്‍.എല്ലിനെ പുറത്ത് നിര്‍ത്തിയത് എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും പലവട്ടമാണ് ചോദിച്ചിട്ടുള്ളത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഇപ്പോള്‍ അവര്‍ക്കും ലഭിച്ചിരിക്കുന്നത്. അധികാര മോഹം തലക്ക് പിടിച്ച നേതാക്കളുടെ ചെയ്തികളാണ് കൊച്ചിയില്‍ കൂട്ട അടിയില്‍ കലാശിച്ചിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ ആ പാര്‍ട്ടി നെടുകെ പിളര്‍ന്നു കഴിഞ്ഞു.
പരസ്പരം പുറത്താക്കിയ ഇരു വിഭാഗത്തില്‍ ആര്‍ക്കൊപ്പമാണ് അണികള്‍ എന്നതാണ് കണ്ടറിയേണ്ടത്. പൊതു സമൂഹത്തിനിടയില്‍ ഇടതുപക്ഷത്തിന് വലിയ മാനക്കേടാണ് ഐ എന്‍ എല്‍ ഉണ്ടാക്കിയിരിക്കുന്നത്. ഒരു ”എല്ല് ‘ കൂടുതല്‍ ഉള്ളത് കൊണ്ടല്ല മറിച്ച് അല്പം ദയയാണ് ഇടതുപക്ഷം ഐഎന്‍എല്ലിനോട് കാണിച്ചിട്ടുള്ളത്. ഒരു എം.എല്‍.എ മാത്രമുള്ള ഐ.എന്‍.എല്ലിന് മന്ത്രിസ്ഥാനം നല്‍കിയപ്പോള്‍ ശ്രേയസ് കുമാറിന്റെ എല്‍ജെഡിക്ക് പോലും മന്ത്രി സ്ഥാനം നല്‍കിയില്ലന്നതും ഐ.എന്‍.എല്‍ നേതൃത്വം ഓര്‍ക്കണം. ഈ ബോധം അവര്‍ക്കുണ്ടായിരുന്നെങ്കില്‍ കൂട്ടത്തല്ലും പിളര്‍പ്പുമൊന്നും നടക്കില്ലായിരുന്നു.
ഇവിടെ ആര് തെറ്റ് ചെയ്തു എന്നത് പരിശോധിക്കുമ്പോള്‍ കാസിം ഇരിക്കൂര്‍ വിഭാഗമാണ് സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നത്. ഗൗരവ ആരോപണമെല്ലാം അവര്‍ക്കു നേരെയാണുള്ളത്. പി. എസ്.സി അംഗത്തിന്റെ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഞെട്ടിക്കുന്നതാണ്. ഉന്നയിച്ചത് ഐ.എന്‍.എല്‍ നേതാവ് തന്നെ ആയത് ആരോപണത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്. മന്ത്രിയുടെ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദവും നിസാരമായി കാണാന്‍ കഴിയുന്നതല്ല. ഇതിനെല്ലാം പുറമെ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിലവില്‍ പോകുന്ന പോക്കും ഏറെ അപകടകരമാണ്. ഇടതുപക്ഷ വിരുദ്ധരുമായുള്ള മന്ത്രിയുടെ ഇടപെടലില്‍ ശക്തമായ അമര്‍ഷം കോഴിക്കോട്ടെ സി.പി.എം നേതൃത്വം തന്നെ പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
സി.പി.എം പ്രവര്‍ത്തകരുടെ ഒറ്റ ബലത്തില്‍ ജയിച്ച് ആ പാര്‍ട്ടിയുടെ കരുണയില്‍ മന്ത്രിയായിട്ട് തിരിഞ്ഞ് ‘കുത്താന്‍’ നോക്കിയാല്‍ അത് തിരിച്ചടിക്കാനാണ് സാധ്യത. അധികാരം ലഭിക്കുന്ന ഏത് ബൂര്‍ഷ്വാ പാര്‍ട്ടിക്കും ഉണ്ടാവുന്ന പോരായ്മയായി മാത്രം ഐ.എന്‍.എല്ലിലെ പിളര്‍പ്പിനെ നോക്കി കാണാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ വിശദമായ പരിശോധനയും തുടര്‍ നടപടിയും ഇടതുപക്ഷം സ്വീകരിക്കേണ്ടതുണ്ട്. അതല്ലങ്കില്‍ ഇനിയും സ്ഥിതി വഷളാകും. ഐ.എന്‍.എല്ലിനെ ഇടതുപക്ഷത്തിനല്ല ഇടതുപക്ഷത്തെ ഐ.എന്‍.എല്ലിനാണ് അനിവാര്യമായിയിട്ടുള്ളത്. ഈ യാഥാര്‍ത്ഥ്യം ആ പാര്‍ട്ടിയുടെ അണികളും തിരിച്ചറിയണം.
1994ല്‍, മുസ്ലിംലീഗില്‍ കലാപമുണ്ടാക്കി ഐ.എന്‍.എല്‍ രൂപീകരിച്ചത് വ്യക്തമായ നിലപാടിന്റെ പശ്ചാത്തലത്തിലാണ്. ഇത് തിരിച്ചറിഞ്ഞാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടതുപക്ഷവും തുടക്കം മുതല്‍ അവരുമായി സഹകരിച്ചിരുന്നത്. മുന്നണിയില്‍ എടുത്തില്ലങ്കിലും അന്നു മുതല്‍ പരിഗണനയില്‍ ഇടതുപക്ഷം യാതൊരു കുറവും കിട്ടിയിരുന്നില്ല. കോഴിക്കോട്ട് നിന്ന് ഇപ്പോള്‍ മുസ്ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ. സലാം ഒരുതവണ എം.എല്‍.എ ആയതും ചരിത്രമാണ്.
2006 ലായിരുന്നു സലാം എം.എല്‍.എയായിരുന്നത്. രണ്ടാംതവണ ഐ.എന്‍.എല്‍ അക്കൗണ്ട് തുറന്നത് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്ന് അഹമ്മദ് ദേവര്‍കോവില്‍ വിജയിച്ചത് മുസ്ലീം ലീഗിനെ അട്ടിമറിച്ചാണ്. ജയിച്ചപ്പോള്‍ മന്ത്രിയാകാനുള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായി. ഈ ഭാഗ്യം അദ്ദേഹമായിട്ട് തുലച്ചാല്‍ അത് ഐ.എന്‍.എല്‍ അണികളോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയായിരിക്കും.