വില്ലന്‍ സിനിമ കണ്ടിറങ്ങുന്ന ഒരു യഥാര്‍ത്ഥ മോഹന്‍ലാല്‍ ആരാധകന്‍ സംവിധായകനാട് ‘വില്ലത്തരം’ കാണിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. .
കാരണം ഒരു ശരാശരി മോഹന്‍ലാല്‍ ആരാധകനെപോലും തൃപ്തിപ്പെടുത്തുന്ന യാതൊന്നും കൊട്ടിഘോഷിച്ച് പുറത്തിറങ്ങിയ ബിഗ് ബഡ്ജറ്റ് വില്ലനില്‍ ഇല്ല എന്നത് തന്നെ.
ഏത് സീരീസിലുള്ള ആധുനിക ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചാലും കഥ നല്ലതല്ലങ്കില്‍ അത് സിനിമക്ക് ഗുണം ചെയ്യില്ല എന്നതിന്റെ നേര്‍കാഴ്ചയാണ് ഈ സിനിമ.
കെട്ടുറപ്പുള്ള ഒരു കഥ ഇല്ലന്നത് തന്നെയാണ് വില്ലന്റെ പ്രധാന ന്യൂനത. ആദ്യ പകുതിയിലുള്ള നേരിയ പിരിമുറുക്കം പോലും സിനിമക്ക് അനിവാര്യമായ രണ്ടാം പകുതിയില്‍ സൃഷ്ടിക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല.
സ്വന്തം ഭാര്യയെയും കുഞ്ഞിനെയും കൊന്നവരോട് പോലും ‘ക്ഷമിക്കുന്ന’ നായകന്റെ റോള്‍ ഭൂരിപക്ഷ പ്രേക്ഷകരുടെ ‘ആഗ്രഹത്തിനും’ അപ്പുറമുള്ള ഒരു പരീക്ഷണമാണ്.
‘ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊല്ലുന്നതു പോലെ അസ്വാഭാവികമായ മറ്റൊന്നും ലോകത്തില്ല’ എന്നു പറയുന്ന ലാല്‍ അവതരിപ്പിച്ച ഐ.പി.എസ് ഓഫീസര്‍ മാത്യു മാഞ്ഞൂരാന്റെ വാക്കുകള്‍ അതു കൊണ്ട് തന്നെയാണ് പ്രേക്ഷകര്‍ക്ക് എളുപ്പം ദഹിക്കാത്തത്.
ഭാര്യയുടെയും മകളുടെയും മരണത്തിനു ശേഷം ആറു മാസത്തെ ഇടവേളക്ക് ശേഷം മാത്യു മാഞ്ഞൂരാന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്ന ദിവസം നടക്കുന്ന കൊലപാതകവും പിന്നീട് തുടര്‍ന്ന് നടക്കുന്ന കൊലപാതകങ്ങളുമെല്ലാം സ്ഥിരം കുറ്റാന്വേഷണ കഥകളില്‍ നിന്നും വ്യത്യസ്തമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
പലപ്പോഴും ഒരു അവാര്‍ഡ് സിനിമയാണോ എന്ന് തോന്നിപ്പിക്കും പോലെയാണ് മേക്കിങ്. സസ്‌പെന്‍സ് എന്നു പറയാന്‍ തക്ക ഒന്നും വില്ലനിലില്ല.
ലാലിന്റെ നോട്ടവും ഭാവവും കാണാന്‍ മാത്രമല്ലല്ലോ ജനങ്ങള്‍ തിയറ്ററില്‍ പോകുന്നത് എന്ന ചോദ്യവും ഇവിടെ പ്രസക്തം.
തെന്നിന്ത്യന്‍ സിനിമയില്‍ വന്‍ തുക പ്രതിഫലം പറ്റുന്ന നടി ഹന്‍സികയ്ക്ക് കാര്യമായ ഒരു റോളും വില്ലനിലില്ല.
വിശാല്‍ അഭിനയിച്ച കഥാപാത്രവും മികച്ച അഭിനയം കാഴ്ചവച്ചു എന്ന് പറയാന്‍ പറ്റുന്നതല്ല.
മാത്യു മാഞ്ഞൂരാന്റെ ഭാര്യയുടെ റോളില്‍ കുറച്ച് സീനുകളില്ലേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മഞ്ജു വാര്യര്‍ ഭേദപ്പെട്ട അഭിനയം കാഴ്ചവച്ചിട്ടുണ്ട്.
ഹാന്‍സികയുടെ കഥാപാത്രം ലാലിനെ മയക്കി കിടത്തുന്ന രംഗത്തില്‍ നായക കഥാപാത്രത്തിന്റെ ഓര്‍മ്മയില്‍ മിന്നി മറിയുന്ന ഒരു രംഗം സൂപ്പര്‍ ഹിറ്റ് ഹോളിവുഡ് സിനിമയായ ഗ്ലാഡിയേറ്റര്‍ സിനിമയില്‍ ഭാര്യയുടെയും കുഞ്ഞിന്റെയും ആത്മാവിന്റെയടുക്കിലേക്ക് നായക കഥാപാത്രം നടന്നടുക്കുന്ന ദൃശ്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്.
വില്ലനില്‍ ഐ.ജിയുടെ ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങുന്ന മാത്യു മാഞ്ഞൂരാനെ ‘ഡി.ജി.പിയുടെ ഔദ്യോഗിക വേഷം’ ധരിച്ച രണ്‍ജി പണിക്കരുടെ കഥാപാത്രം സല്യൂട്ടടിക്കുന്നതും, സാറേ എന്ന് വിളിക്കുന്നതുമെല്ലാം സിനിമ കാണുന്ന പൊലീസുകാര്‍ക്കും അവരുടെ ഫാമിലികള്‍ക്കുമെങ്കിലും അരോചകമായി തോന്നും.
വെറും ഒരു സിറ്റിയിലെ ടാസ്‌ക്ക് ഫോഴ്‌സിന്റെ തലവനായി ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ച സംവിധായക മിടുക്കിനേയും നമിച്ചേ പറ്റൂ.
സിനിമയില്‍ സാധാരണ ആരും അങ്ങനെ റാങ്ക് നോക്കി നായകന്‍മാര്‍ക്കും മറ്റും പൊലീസ് യൂണിഫോം നല്‍കുന്ന പതിവില്ലങ്കിലും നിരവധി ത്രസിപ്പിക്കുന്ന പൊലീസ് കഥാപാത്രങ്ങളെ സൃഷ്ടിച്ച രണ്‍ജി പണിക്കര്‍ക്കെങ്കിലും ഇക്കാര്യം സംവിധായകനെ ഓര്‍മ്മിപ്പിക്കാമായിരുന്നു.
കാരണം മറ്റു സംവിധായകരില്‍ നിന്നും വ്യത്യസ്തമായി ഒരു ബുദ്ധിജീവി പരിവേഷമുള്ള സംവിധായകന്റെ സിനിമയാകുമ്പോള്‍ ചെറിയ പിഴവുകള്‍ പോലും വലിയ വിമര്‍ശനത്തിന് കാരണമാകുമല്ലോ.
ആകെ മൊത്തത്തില്‍ വിലയിരുത്തിയാല്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു സിനിമയല്ല വില്ലനെന്ന് നിസംശയം പറയാം.