കൊച്ചി; അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയിന്മേല്‍ നടന്‍ വിനായകന്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കഴിഞ്ഞ ദിവസം അഭിഭാഷകനൊപ്പം സ്റ്റേഷനിലെത്തിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
കഴിഞ്ഞ ദിവസം കല്‍പ്പറ്റ സ്റ്റേഷനിലെത്തിയ വിനായകനെ രണ്ട് പേരുടെ ആള്‍ ജാമ്യത്തിലാണ് പൊലീസ് വിട്ടയച്ചത്. ചോദ്യം ചെയ്യലിന് എത്തിച്ചേരണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. സ്റ്റേഷന്‍ ഉപാധികളോടെ നല്‍കിയ ജാമ്യത്തില്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടരുതെന്നും ശല്യം ചെയ്യരുതെന്നും പരാമര്‍ശവുമുണ്ടായിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് വീണ്ടും വിനായകന്‍ കല്‍പ്പറ്റ സ്റ്റേഷനിലെത്തുമെന്നാണ് സൂചന.
യുവതി കൈമാറിയ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ചോദ്യം ചെയ്യല്‍. കഴിഞ്ഞ ഏപ്രിലില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കവേ വിനായകന്‍ ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നായിരുന്നു ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതി.