മികച്ച നിയമസഭാ സാമാജികനുള്ള വിനയന്‍ പുരസ്‌കാരം മാത്യു കുഴല്‍നാടന്

മലപ്പുറം: മുന്‍ തിരൂരങ്ങാടി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സഹകാരിയും സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ കോണ്‍ഗ്രസ് നേതാവ് എം.പി വിനയന്റെ ഓര്‍മ്മക്കായി വിനയന്‍ അനുസ്മരണ സമിതിയുടെ മികച്ച നിയമസഭാ സാമാജികനുള്ള പ്രഥമ വിനയന്‍ പുരസ്‌ക്കാരം മൂവാറ്റുപുഴ എം.എല്‍.എ ഡോ. മാത്യു കുഴല്‍നാടന്.അഴിമതിക്കെതിരെ ശക്തമായ നിലപാടുമായി നിയമസഭയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിനാണ് ഡോ. മാത്യു കുഴല്‍നാടനെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.

നിയമസഭാ സാമാജികന്‍, അഭിഭാഷകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രതിഭാശാലിയായ യുവ നേതാവാണെന്നതും പരിഗണിച്ചാണ് പുരസ്‌ക്കാരം. മുന്‍ മുന്‍ പി.എസ്.സി അംഗം ആര്‍.എസ് പണിക്കര്‍, കഥാകൃത്ത് വി.ആര്‍ സുധീഷ്, മുന്‍ നിയമസഭാ ലൈബ്രേറിയന്‍ വി. സുന്ദരേശപണിക്കര്‍ എന്നിവരടങ്ങിയ ജുറിയാണ് മാത്യു കുഴല്‍നാടനെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്. കാല്‍ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌ക്കാരം ഒക്ടോബര്‍ 29ന് വൈകുന്നേരം നാലരക്ക് അരിയല്ലൂര്‍ രുചി ഹട്ട് ഹാളില്‍ നടക്കുന്ന വിനയന്‍ അനുസ്മരണ സമ്മേളനത്തില്‍ എം.കെ രാഘവന്‍ എം.പി സമ്മാനിക്കും.

വിനയന്റെ ഓര്‍മ്മക്കായി ചികിത്സാസഹായധന വിതരണവും സ്ത്രീകള്‍ക്ക് സ്വയം തൊഴിലിനായി തയ്യല്‍ മെഷീനുകളും വിതരണം ചെയ്യും. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് അനുസ്മരണ പ്രഭാഷണം നടത്തും. പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.ചികിത്സാസഹായ വിതരണം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി,തയ്യല്‍മെഷീന്‍ വിതരണം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ വീക്ഷണം മുഹമ്മദ്, വിനയന്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ ഷാജി നമ്പാല, കണ്‍വീനര്‍ ലത്തീഫ് കല്ലിടുമ്പന്‍, ഇ.എം ജോസ്, സി. വിജയന്‍ പങ്കെടുത്തു.

Top