Vincent M Paul- Sankar Reddy- Vigilance-directors-face-chanllenge-in service

തിരുവനന്തപുരം: സര്‍വ്വീസില്‍ മികച്ച ട്രാക്കിന് ഉടമയായിട്ടും നാണംകെട്ട് ഇറങ്ങി പോവേണ്ട സാഹചര്യമാണ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനുണ്ടായിരുന്നത്.

ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന എന്‍ ശങ്കര്‍ റെഡ്ഡിയും നേരിടുന്നത് സമാനമായ വെല്ലുവിളിയാണ്. അതും ഒരേ കേസില്‍ ഒരേ കസേരയില്‍ തന്നെയാണെന്നതും യാദൃശ്ചികം.

ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന എസ് പി സുകേശനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായാണ് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്.

സരിത-തമ്പാനൂര്‍ രവി സംഭാഷണം മുന്‍നിര്‍ത്തി അന്വേഷണത്തിന് ഉത്തരവിടാത്ത സര്‍ക്കാര്‍, ബിജുരമേശ്-സുകേശന്‍ സംഭാഷണമുള്‍പ്പെട്ട സിഡി തെളിവാക്കി അന്വേഷണം നടത്തുന്നതിന്റെ ഇരട്ടത്താപ്പ് മാധ്യമങ്ങളും ഇപ്പോള്‍ പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്.

നേരത്തെ വിജിലന്‍സിന് ബാറുടമകളുടെ യോഗത്തിലെ സംഭാഷണമടങ്ങിയ സിഡി തെളിവായി ബിജു രമേശ് സമര്‍പ്പിച്ചപ്പോള്‍ അത് തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്ത വിജിലന്‍സാണ് അതേ സിഡിയിലെ ബിജു-സുകേശന്‍ സംഭാഷണം മുന്‍നിര്‍ത്തി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ആഭ്യന്തര-വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തലക്കെതിരായി ബിജു രമേശ് ഉന്നയിച്ച രണ്ട് കോടിയുടെ കോഴ ആരോപണത്തിന് തടയിടാന്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് ഡയറക്ടര്‍ ചട്ടകമായി പ്രവര്‍ത്തിക്കുകയാണെന്നാണ് ആക്ഷേപം.

നേരത്തെ ബാര്‍ കോഴക്കേസില്‍ മന്ത്രി കെ എം മാണിക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെ കടുത്ത ഭാഷയിലാണ് വിജിലന്‍സ് കോടതിയും ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നത്.

സത്യസന്ധനെന്ന് പൊലീസ് സേനക്കകത്തും പുറത്തും പേരെടുത്ത വിന്‍സന്‍ പോളിന് സര്‍വ്വീസില്‍ നിന്ന് പിരിയേണ്ടി വന്നത് ചെളി തെറിച്ച യൂണിഫോമോടെയായിരുന്നുവെന്നത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരേയും വിഷമിപ്പിച്ചിരുന്നു.

ഇതിന് സമാനമായാണ് ഇപ്പോള്‍ സര്‍വ്വീസില്‍ മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള ശങ്കര്‍ റെഡ്ഡിയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. വിജിലന്‍സിന്റെ ഇപ്പോഴത്തെ നടപടി കോടതിയിലെത്തിയാല്‍ ഡയറക്ടര്‍ക്കെതിരെ ശക്തമായ വിമര്‍ശനമുയരാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നത്.

വിന്‍സന്‍ പോളായാലും ശങ്കര്‍ റെഡ്ഡിയായലും സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തില്‍പ്പെട്ടു പോയതിനാലാണ് ഇത്തരം നിലപാട് സ്വീകരിക്കേണ്ടി വരുന്നതെന്നാണ് സേനക്കുള്ളിലെ വിമര്‍ശനം.

നിഷ്പക്ഷമായി ജോലി ചെയ്യാനുള്ള അവസരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കാത്തതിനെതിരെ സിപിഎം പിബി അംഗം പിണറായി വിജയനും തുറന്നടിച്ച് രംഗത്ത് വന്നിട്ടുണ്ട്.

Top