നടനായും ഗായകനായും സംവിധായകനായും നിര്‍മാതാവായും തിളങ്ങുന്ന വിനീത് ശ്രീനിവാസന്‍ കന്നടയില്‍ ഒരുങ്ങുന്ന ചിത്രം 777ചാര്‍ലിയില്‍ മലയാളം പാട്ട് പാടും. ആദ്യമായല്ല വിനീത് അന്യഭാഷ ചിത്രത്തില്‍ പിന്നണി ഗാനം ആലപിക്കുന്നത്.
അങ്ങാടിത്തെരു അടക്കമുള്ള തമിഴ് സിനിമകളിലും 2013ല്‍ പുറത്തിറങ്ങിയ കന്നട സിനിമ നം ദുനിയ നം സ്‌റ്റൈലിലും വിനീത് പാടിയിട്ടുണ്ട്. എന്നാല്‍ 777 ചാര്‍ലിയില്‍ മലയാളത്തില്‍ തന്നെയാണ് വിനീത് ഗാനം ആലപിക്കുക.
രക്ഷിത് ഷെട്ടിയാണ് 777 ചാര്‍ലിയില്‍ നായകന്‍. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന സിനിമ മലയാളിയായ കിരണ്‍ രാജാണ് സംവിധാനം ചെയ്യുന്നത്.
ഏകാന്തത അനുഭവിക്കുന്ന നായകന്റെ ജീവിതത്തിലേക്ക് വികൃതിയായ ഒരു നായ കടന്നുവരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. സംഗീത ശൃംഗേരിയാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ് ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. നോബിന്‍ പോളാണ് സംഗീത സംവിധാനം. അരവിന്ദ്.എസ്.കശ്യപാണ് ഛായാഗ്രഹണം. സിനിമയുടെ ടീസര്‍ ജൂണ്‍ ആറിന് റിലീസ് ചെയ്യും. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയമാണ് ഇനി വിനീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനുള്ളത്.