നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന മുംബെയില്‍ അന്തരിച്ചു

മുംബൈ: നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് മുംബെയില്‍ ചികിത്സയിലായിരുന്നു. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍നിന്നുള്ള എംപി കൂടിയാണ് വിനോദ് ഖന്ന.

മൂത്രാശയ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അദ്ദേഹത്തിനു വൃക്ക നല്‍കാന്‍ തയ്യാറായി ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.

ബോളിവുഡില്‍ 1970-80 കാലഘട്ടത്തിലെ മുന്‍ നിര നായകനായിരുന്നു വിനോദ് ഖന്ന. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സുനില്‍ദത്ത് തുടങ്ങിയവര്‍ക്കൊപ്പം തലയെടുപ്പോടെ നിന്ന നായകനടനായിരുന്നു അദ്ദേഹം.

1968 ലെ മന്‍ ക മീത് എന്ന സുനില്‍ ദത്ത് നിര്‍മ്മിച്ച ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം 141 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.

1999 ല്‍ ഫിലിംഫെയര്‍ ജീവിതകാല പുരസ്‌കാരം ലഭിച്ചു.

മേരേ അപ്‌നേ, മേരാ ഗാവ് മേരാ ദേശ്, ഗദ്ദാര്‍ (1973), ജയില്‍ യാത്ര, ഇംതിഹാന്‍, ഖച്ചേ ദാഗേ, അമര്‍ അക്ബര്‍ ആന്റണി, ഖുര്‍ബാനി, കുദ്രത്, ദയവാന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങള്‍ ദീവാനപന്‍ (2002), റിസ്‌ക് (2007) എന്നിവയാണ്.

1997 ല്‍ ഭാരതീയ ജനത പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് മൂന്നു തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2002 ല്‍ കേന്ദ്രമന്ത്രിയായി.

ഗീതാഞ്ജലിയാണ് വിനോദ് ഖന്നയുടെ ഭാര്യ. അക്ഷയ് ഖന്ന, രാഹുല്‍ ഖന്ന എന്നിവര്‍ മക്കളാണ്. 1997ല്‍ മകനായ അക്ഷയ് ഖന്നയെയും അദ്ദേഹം സിനിമയില്‍ എത്തിച്ചു.

1990ല്‍ വിവാഹമോചിതനായ അദ്ദേഹം കവിതയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലും രണ്ടു മക്കളുണ്ട്.

Top