തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത മുഖ്യവിവരാവകാശ കമ്മിഷണറായി മുന്‍ ഡിജിപി വിന്‍സണ്‍ എം പോളിനെ നിയമിക്കാന്‍ സംസ്ഥാന സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവിന്റെ വിയോജന കുറിപ്പോടെയാണ് തീരുമാനം ഉണ്ടായത്. അഞ്ച് വിവരാവകാശ കമ്മിഷണര്‍മാരേയും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അപേക്ഷകള്‍ ശരിയായി വിലയിരുത്തിയല്ല സമിതി തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസ് വിയോജനം രേഖപ്പെടുത്തിയത്.
അങ്കത്തില്‍ ജയകുമാര്‍, പി.ആര്‍.ദേവദാസ്, ജോയ് സി.ചിറയില്‍, അബ്ദുള്‍ സലാം, എബി കുര്യാക്കോസ് എന്നിവരാണ് കമ്മിഷണര്‍മാരാവുക. 269 അപേക്ഷകളാണ് ആകെ പരിഗണനയ്ക്ക് വന്നത്.
കഴിഞ്ഞ ദിവസം സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്നപ്പോള്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി നല്‍കണമെന്ന് വി.എസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പൊതുഭരണ സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും കമ്മിറ്റി യോഗം ചേര്‍ന്നത്.
സിബി മാത്യൂസ് ഏപ്രില്‍ 23ന് വിരമിക്കുന്ന ഒഴിവിലാണ് വിന്‍സണ്‍ എം പോള്‍ നിയമിതനാവുക. പുതിയ കമ്മിഷണര്‍മാരില്‍ മാദ്ധ്യമ പ്രവര്‍ത്തകരാരും തന്നെ ഇല്ല.