തിരുവനന്തപുരം: ഏഷ്യാനെറ്റ് ചെയര്‍മാന്‍ ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ നാളെ രാവിലെ തന്നെ ഒഴിപ്പിക്കണമെന്ന് ഏഷ്യാനെറ്റ്.
ന്യൂസ് അവറില്‍ അവതാരകന്‍ വിനു വി ജോണാണ് ഭൂമി കയ്യേറ്റ വിവാദത്തില്‍ മാസ് മറുപടിയുമായി രംഗത്ത് വന്നത്.
കേരളം ഭരിക്കുന്നത് പിണറായി വിജയന്റെ സര്‍ക്കാറാണ് ഏഷ്യാനെറ്റ് ന്യൂസല്ലെന്നും വിനു തുറന്നടിച്ചു
കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്ത് ഭരണമാണ് ഇവിടെ നടക്കുന്നത്.
കയ്യേറ്റം തോമസ് ചാണ്ടി നടത്തിയാലും ഏഷ്യാനെറ്റ് ചെയര്‍മാന്‍ നടത്തിയാലും ഏഷ്യാനെറ്റ് ന്യൂസ് അതിന് എതിരാണ്.
ഒരിഞ്ച് ആയാലും കയ്യേറ്റം ഗൗരവത്തോടെയാണ് ഞങ്ങള്‍ കാണുന്നത്. നടന്നിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കുക തന്നെ വേണം.
ഒരു വര്‍ഷത്തിലധികമായിട്ടും എന്ത് കൊണ്ട് കയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല ?
ദേശാഭിമാനി വാര്‍ത്ത വേണ്ടി വന്നോ കുമരകം പഞ്ചായത്ത് പ്രസിഡന്റിന് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍.
ഇപ്പോള്‍ ഡി.വൈ.എഫ്.ഐക്ക് ആ റിസോര്‍ട്ട് അടിച്ചു പൊളിക്കാനും ദേശാഭിമാനി വാര്‍ത്തയാണ് പ്രചോദനമായത്.
തഹസില്‍ദാര്‍ അയച്ച കത്ത് കയ്യിലിരിക്കെയാണ് ദേശാഭിമാനി വാര്‍ത്ത ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
ഇനി കയ്യേറ്റം ഒഴിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐയാണ് രംഗത്തിറങ്ങുന്നതെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാറെന്നും വിനു ചോദിച്ചു.
അവിടെ കയ്യേറ്റമുണ്ടെങ്കില്‍ നാളെ രാവിലെ തന്നെ ഒഴിപ്പിക്കണമെന്നും അദ്ദേഹം കര്‍ശനമായി ആവശ്യപ്പെട്ടു.
തോമസ് ചാണ്ടിയുടെ കയ്യേറ്റവാര്‍ത്ത പുറത്ത് വിട്ടതിന് ഏഷ്യാനെറ്റിന്റെ മേല്‍ ആരും കയറണ്ട.
ബി.ജെ.പി എം.പിയും, എന്‍.ഡി.എ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖരനോട് എന്തിനാണ് ഈ സര്‍ക്കാര്‍ ആനുകൂല്യം കാട്ടുന്നത് ?
കയ്യേറ്റം ഒഴിപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ വേറെ പണി നോക്കുകയാണ് നല്ലത്.
ആരുടെ ഉടമസ്ഥതയാണെന്ന് നോക്കാതെ നടപടി സ്വീകരിക്കണമെന്നത് തന്നെയാണ് ഏഷ്യാനെറ്റിന്റെ അഭിപ്രായം. വിനു നിലപാട് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ കുമരകത്ത് കയ്യേറ്റം നടത്തിയതായി ദേശാഭിമാനി പുറത്ത് വിട്ട വാര്‍ത്തയെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രശ്നം ഏറ്റെടുക്കുകയും റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി വന്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റിനെതിരെ രൂക്ഷമായ പ്രതിഷേധമുയര്‍ത്തി സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വന്നതോടെയാണ് കടുത്ത നിലപാടുമായി ഏഷ്യാനെറ്റ് രംഗത്ത് വന്നിരിക്കുന്നത്.