തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്ത സിസ തോമസിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കുറ്റാരോപണ മെമ്മോ നൽകി. വിരമിക്കുന്നതിന് മണിക്കൂർ മുൻപാണ് സംസ്ഥാന സർക്കാരിന്റെ നടപടി. എന്നാൽ സിസ തോമസിന് സസ്പെൻഷൻ നൽകിയില്ല. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് മെമ്മോ നൽകിയത്.
ഇന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഹിയറിങിന് ഹാജരാകണം എന്നാവശ്യപ്പെട്ട് സിസ തോമസിന് നോട്ടീസ് നൽകിയിരുന്നു. സർക്കാറിന്റെ നോട്ടീസ് പ്രകാരം ഇന്ന് നേരിട്ടെത്തി വിശദീകരണം നൽകാനാകില്ലെന്ന് സിസ തോമസ് മറുപടിയും നൽകിയിരുന്നു. ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്നതിനാൽ തിരിക്കുണ്ടെന്ന് കാണിച്ചാണ് സർക്കാറിന് സിസ തോമസ് മറുപടി നൽകിയത്. മുൻകൂർ അനുമതിയില്ലാതെ വിസിയുടെ ചുമതല ഏറ്റെടുത്തതിൽ ഇന്ന് രാവിലെ 11.30 ഉന്നത വിദ്യാഭ്യാസഅഡീഷനൽ സെക്രട്ടറിക്ക് മുൻപിൽ ഹാജരാകാനായിരുന്നു ഇന്നലെ വൈകീട്ട് നോട്ടീസ് നൽകിയത്.
സർക്കാറിന്റെ കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന സിസ തോമസിൻറെ ഹർജി അംഗീകരിക്കാതെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളിയിരുന്നു. ഇതോടെയാണ് സിസയ്ക്ക് എതിരെ വിരമിക്കുന്നതിന് തൊട്ടുമുൻപ് നടപടിക്ക് സർക്കാർ നീക്കം തുടങ്ങിയത്. സിസക്കെതിരായ നടപടികൾ സർക്കാറിന് തുടരാമെന്നും എന്നാൽ സിസയുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നുമാണ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. സർക്കാറിനറെ മുൻകൂർ അനുമതിയില്ലാതെ വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തുവെന്ന് കാണിച്ചായിരുന്നു നോട്ടീസ് നൽകിയത്. ഗവർണ്ണർ ആവശ്യപ്പെട്ട പ്രകാരമാണ് ചുമതലയേറ്റതെന്നായിരുന്നു സിസ നൽകിയ മറുപടി.