ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വീട്ടില്‍ ജോലിക്കാരിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഓസ്ട്രേലിയന്‍ കോടതി. അന്യായമായ തൊഴില്‍ സാഹചര്യം ആരോപിച്ച് മുന്‍ ജീവനക്കാരിയായ സീമ ഷെര്‍ഗില്‍ നല്‍കിയ പരാതിയിലാണ് കാന്‍ബറയിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ നവ്ദീപ് സിങ് സുരിയോട് 1,36,000 ഡോളറിലധികം തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ഫെഡറല്‍ കോടതി ജസ്റ്റിസ് എലിസബത്ത് റാപ്പറിന്റെതാണ് ഉത്തരവെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പലിശയടക്കമുള്ള നഷ്ടപരിഹാര തുക 60 ദിവസത്തിനകം നല്‍കണമെന്നാണ് കോടതി ഉത്തരവെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ഏപ്രിലിലാണ് ഷെര്‍ഗില്‍ സുറിയുടെ വീട്ടില്‍ ജോലിചെയ്യുന്നതിനായി ഓസ്ട്രേലിയയില്‍ എത്തുന്നത്. എന്നാല്‍ 2016ല്‍ ഷെര്‍ഗിലിന് തിരികെ ഇന്ത്യയിലേക്ക് മടങ്ങാന്‍ പാസ്പോര്‍ട്ട് നല്‍കിയെന്നും ഷെര്‍ഗില്‍ ഇത് തിരിച്ചുവാങ്ങാന്‍ വിസമ്മതിച്ചുവെന്നും ഹൈക്കമീഷണറുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
2021ല്‍ ഓസ്ട്രേലിയന്‍ പൗരത്വം സ്വീകരിച്ച ഷെര്‍ഗില്‍ ആ രാജ്യത്ത് തുടരാന്‍ വേണ്ടിയാണ് കേസ് നല്‍കിയതെന്നുള്ളതിന് വിശ്വസിക്കാന്‍ തക്ക കാരണമുണ്ടെന്നും അവര്‍ പറയുന്നു. ജീവനക്കാരിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ ഇന്ത്യയിലേക്ക് മടങ്ങണമായിരുന്നെന്നും അധികാരികളെയോ കോടതിയെയോ സമീപിക്കണമായിരുന്നുവെന്നും അവര്‍ പറയുന്നു.