പാരിസ്: ഡിജിറ്റല്‍ പരസ്യ മേഖലയിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ടെക് ഭീമന്‍ ഗൂഗിളിന് ഭീമന്‍ തുക പിഴയീടാക്കി ഫ്രഞ്ച് അധികൃതര്‍. 26.8 കോടി ഡോളറാണ് ( 1950 കോടി രൂപയോളം) ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി പിഴയീടാക്കിയത്. എതിരാളികളെ ബാധിക്കുന്ന വിധം ഗൂഗിള്‍ സ്വന്തം പരസ്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് മുന്‍ഗണന നല്‍കിയെന്നാണ് അധികൃതര്‍ കണ്ടെത്തിയത്.
2019ല്‍ ഡിജിറ്റല്‍ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗിള്‍ ദുരുപയോഗം ചെയ്‌തെന്ന് കാട്ടി റൂപര്‍ട് മര്‍ഡോക്കിെന്റ കീഴിലുള്ള ന്യൂസ് കോര്‍പ്, ഫ്രഞ്ച് പത്രമായ ലെഫിഗരോ, ബെല്‍ജിയന്‍ മാധ്യമ സ്ഥാപനമായ റൊസല്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കിയ പരാതിയിലാണ് നടപടി. ഗൂഗിളിന്റെ സ്വന്തം പരസ്യ പ്ലാറ്റ്‌ഫോമുകളായ ആഡ്എക്‌സിനും ഡബിള്‍ക്ലിക്ക് ആഡ് എക്‌സ്‌ചെയ്ഞ്ചിനും പരിധിയിലധികം മുന്‍ഗണന നല്‍കി മാര്‍ക്കറ്റില്‍ അവര്‍ക്കുള്ള സ്ഥാനം ദുരുപയോഗം ചെയ്യുന്നതായാണ് കമ്പനികളുടെ ആരോപണം.
അതുവഴി വന്‍ തുക മുടക്കി മാധ്യമങ്ങളുടെ വെബ് സൈറ്റുകളിലും മറ്റ് ആപ്പുകളിലും നല്‍കിവരുന്ന പരസ്യങ്ങളും വാര്‍ത്തകളും ടെക് ഭീമന്‍ മറയ്ക്കുന്നതായും മത്സര രംഗത്തുള്ള മറ്റ് കമ്പനികള്‍ ആരോപിക്കുന്നു. നടപടിക്കുപിന്നാലെ പരസ്യസേവനങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.