ബാഴ്‌സ: ബ്രസീലിയന്‍ താരം നെയ്മര്‍ തകര്‍പ്പന്‍ ഫോമിലാണ് പിഎസ്ജിയില്‍ കളിക്കുന്നത്. എന്നാല്‍ പുതിയ വാര്‍ത്തകള്‍ താരത്തിന് തളര്‍ത്തുമെന്നാണ് വിവരം. കഴിഞ്ഞ സീസണില്‍ ലോക റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ക്ലബിലെത്തിയ നെയ്മര്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
എന്നാല്‍ ബാഴ്‌സയുമായുള്ള കരാര്‍ ലംഘിച്ചതിന് 800 കോടിയോളം രൂപ സ്വന്തം പോക്കറ്റില്‍ നിന്നും നെയ്മര്‍ കൊടുക്കേണ്ടി വരും എന്നാണ് പുതിയ വെളിപ്പെടുത്തല്‍. 2013ല്‍ സാന്റോസില്‍ നിന്നും ക്യാമ്പ് ന്യൂവിലെത്തുമ്പോള്‍ അഞ്ച് വര്‍ഷ കാലയളവില്‍ നെയ്മറിന് 100 മില്യണ്‍ യൂറോ തരാമെന്ന് ബാഴ്‌സ ഓഫര്‍ ചെയ്തിരുന്നു.
എന്നാല്‍ കരാര്‍ തീരുന്നതിന് മുന്‍പ് നെയ്മര്‍ ക്ലബ് വിടുകയാണെങ്കില്‍ നഷ്ടപരിഹാരമായി 100 മില്യണ്‍ യൂറോ താരം അടക്കേണ്ടി വരുമെന്നും കരാറില്‍ വ്യക്തമാക്കിയിരുന്നു. 2018 ജനുവരി വരെ നെയ്മര്‍ ബാഴ്‌സയില്‍ തന്നെ തുടരാന്‍ ക്ഷമ കാണിച്ചിരുന്നുവെങ്കില്‍ നഷ്ടമില്ലാതെ താരത്തിന് ബാഴ്‌സ വിടാമായിരുന്നു.
എന്നാല്‍ പിഎസ്ജിയുടെ കണ്ണഞ്ചിപ്പിക്കുന്ന പണത്തിന് മുന്നില്‍ വീണ താരത്തിന് അധിക ബാധ്യതയാകും ഉണ്ടാകാന്‍ പോകുന്നത്. സ്പാനിഷ് പത്രം എല്‍ കോണ്‍ഫിഡന്‍ഷ്യലാണ് കരാറിലെ വിവരം പുറത്തു വിട്ടത്. മുന്‍പ് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത് ഈ തുക വെറും 40 മില്യണ്‍ യൂറോ അഥവാ 300 കോടി രൂപ ആയിരുന്നു എന്നാണ്.