കറാച്ചി: സമുദ്ര അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 18 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാക്കിസ്ഥാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പാക്കിസ്ഥാന്‍ മാരിടൈം സെക്യുരിറ്റി ഏജന്‍സിയാണ് മത്സ്യതൊഴിലാളികളെ അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളില്‍ നിന്നു രണ്ട് ബോട്ടുകളും പാക്കിസ്ഥാന്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് 14 ന് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ സ്വാതന്ത്യദിനാചരണത്തിന്റെ ഭാഗമായി പാക്കിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന 30 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചിരുന്നു. മത്സ്യബന്ധന തൊഴിലാളികളായ 27 പേര്‍ ഉള്‍പ്പെടെയുള്ളവരെയാണ് മോചിപ്പിച്ചത്. പാക്കിസ്ഥാന്റെ സമുദ്രാതിര്‍ത്തി കടന്നുകയറിയതിനാണ് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്തത്.
അറബിക്കടലിലെ സമുദ്ര അതിര്‍ത്തി വ്യക്തമായി വേര്‍തിരിക്കാത്തതിനാല്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടക്കാറുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ കൃത്യമായ സ്ഥാനം അറിയാന്‍ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ബോട്ടുകളില്ലാത്തത് മൂലമാണ് അതിര്‍ത്തി കടക്കേണ്ടി വരുന്നത്. 470 ഇന്ത്യക്കാരാണ് പാക്കിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്നത്. അതില്‍ 418 പേര്‍ മത്സ്യബന്ധന തൊഴിലാളികളാണ്. ജൂലൈയില്‍ രാജ്യത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.