സുരക്ഷാജീവനക്കാരന്റെ അഴിഞ്ഞാട്ടം ; ഇരയായവര്‍ക്കും നീതി നിഷേധിച്ച് പൊലീസ്‌

police

തിരുവനന്തപുരം : തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ അഴിഞ്ഞാട്ടം.

സുരക്ഷാജീവനക്കാരനും അയാളുടെ കൂടെയുണ്ടായിരുന്നവരും സ്റ്റാന്‍ഡില്‍ ഉറങ്ങി കിടന്നവരെ നീളമുള്ള ചൂരല്‍വടികൊണ്ട് തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. എന്നാല്‍ തമ്പാനൂര്‍ പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും അടികൊണ്ടവരെ ഉള്‍പ്പെടെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

തല്ലിയ ആള്‍ക്കും തല്ലുകൊണ്ടവര്‍ക്കുമെതിരേ തമ്മില്‍ തല്ലിയതിനാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തത്.

ബസ് സ്റ്റാന്‍ഡിലെ സുരക്ഷാജീവനക്കാരനായ വിജയകുമാറാണ് ബസ് സ്റ്റാന്‍ഡില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. വിമുക്ത ഭടന്‍മാര്‍ക്ക് ജോലി നല്‍കുന്ന ‘കെസ്‌കോണ്‍’ വഴിയാണ് ഇയാള്‍ തമ്പാനൂരില്‍ സുരക്ഷാജീവനക്കാരനായെത്തിയത്.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് വിജയകുമാര്‍ ചൂരലുമായെത്തി ഉറങ്ങിക്കിടന്നവരെ മര്‍ദിച്ചത്. ഇയാള്‍ പ്രായമായവരെ പോലും വെറുതെ വിട്ടില്ല.

വിജയകുമാര്‍ ഉറങ്ങിക്കിടക്കുന്നവരെ ഉള്‍പ്പെടെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.

രാത്രി ബസ് കാത്തിരിക്കുന്നവര്‍ക്കു നേരെ ജീവനക്കാരുടെ ഇത്തരം പെരുമാറ്റം സ്ഥിരമാണെന്നും പരാതികള്‍ ഉണ്ട്.

അപ്പോഴും ബസ്സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരെ ആരെയും സുരക്ഷാജീവനക്കാരന്‍ മര്‍ദിച്ചില്ലെന്നാണ് തമ്പാനൂര്‍ എസ്.ഐ. പറയുന്നത്.

ബസ് സ്റ്റാന്‍ഡില്‍ സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന ചിലര്‍ക്കെതിരേയാണ് വിജയകുമാര്‍ ചൂരല്‍ പ്രയോഗിച്ചതെന്നാണ് എസ്.ഐ. യുടെ വാദം.

Top